കോഴിക്കോട്: മലപ്പുറം ജില്ലക്കെതിരായ സംഘ്പരിവാർ വിമർശനങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ. മലപ്പുറത്ത് തുഞ്ചൻ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നില്ല, നോമ്പുകാലത്ത് ഭക്ഷണം ലഭിക്കില്ല, അമുസ്‌ലിംകളെ ഭീഷണിപ്പെടുത്തി പലായനം ചെയ്യിപ്പിക്കുന്നു തുടങ്ങിയ വിമർശനങ്ങൾക്ക് അക്കമിട്ട് മറുപടി പറയുന്നതാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. എം.ടി വാസുദേവൻ നായർ അധ്യക്ഷനായ മനോരമയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുഞ്ചൻ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. പിന്നീട് എം.ടിയുടെ അഭിപ്രായപ്രകാരം പ്രതിമക്ക് ഭംഗി പോരാ എന്നതിനാൽ പകരം ഇൻസ്റ്റലേഷൻ സ്ഥാപിക്കുകയായിരുന്നു. അതിൽ ഒരുതരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടായിരുന്നില്ല. മാത്രമല്ല തുഞ്ചൻ പ്രതിമ സ്ഥാപിക്കും എന്നു പറഞ്ഞു രണ്ടുമൂന്നു വർഷം മുമ്പ് ആയിരം പേരുടെ കമ്മിറ്റി ഉണ്ടാക്കി സ്ഥലം വിട്ട അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിന്നീട് ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
കേരളത്തിൽ മറ്റെല്ലാ ജില്ലകളിലും ഉള്ളതുപോലെ നല്ല മനുഷ്യരും മോശം മനുഷ്യരും മലപ്പുറത്തുമുണ്ട്. മതേതരവാദികളും വർഗീയവാദികളും മറ്റെല്ലാ ജില്ലയിലും ഉള്ളതുപോലെ മലപ്പുറത്തുമുണ്ട്. എന്നു കരുതി ഒരു ജില്ലയെ മാത്രം ഇങ്ങനെ സ്ഥിരമായി അടച്ചാക്ഷേപിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല. മലപ്പുറം ജില്ലയിലെ മുസ്‌ലിം സമൂഹം വിദ്യാഭ്യാസപരമായും ജീവിത നിലവാരംകൊണ്ടും കേരളത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരാണ്. പ്രത്യേകിച്ചും മലപ്പുറത്തെ പെൺകുട്ടികൾ. വെൽ എജുക്കേറ്റഡ് ആൻഡ് വെൽ ഇൻഫോംഡ്. മലപ്പുറംകാരന്റെ രക്തത്തിൽ സംരംഭകത്വം ഉണ്ട്. സ്റ്റാർട്ടപ്പുകളുടെ കൂട്ടപ്പൊരിച്ചിൽ ആണ് മലപ്പുറത്ത്. കാൽ നൂറ്റാണ്ടിനപ്പുറത്ത് കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം അത് കൊച്ചി ആയിരിക്കില്ല മലപ്പുറം ആയിരിക്കും. എഴുതി വെച്ചോളൂ. മലപ്പുറം കേരളത്തിൻറെ ഗ്രോത്ത് എൻജിൻ ആകുന്ന കാലം വിദൂരമല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.