തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അറസ്റ്റിലായ ബിജെപി-ആര്‍എസ്എസ് നേതാക്കളായ രണ്ട് പേരും റിമാന്‍ഡില്‍. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ സഭ കൗണ്‍സിലറുമായ വി.ജി.ഗിരി കുമാര്‍, ആശ്രമം കത്തിച്ച സംഘത്തിലുണ്ടായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശബരി എന്നിവരെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും. 2018 നവംബറിലായിരുന്നു കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് അക്രമികള്‍ തീയിട്ടത്.
കാര്‍പോര്‍ച്ചുള്‍പ്പെടെ ആശ്രമത്തിന്റെ മുന്‍വശവും അവിടെയുണ്ടായിരുന്ന നാല് വാഹനങ്ങളുമാണ് ആക്രമത്തില്‍ കത്തിയമര്‍ന്നത്. 50 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. വി ജി.ഗിരി കുമാറാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബൈക്കിലെത്തിയ രണ്ട് പേര്‍ ആശ്രമം തീയിട്ടെന്നും അതിലൊന്ന് ഇന്ന് അറസ്റ്റിലായ ശബരിയാണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. ഒളിവിലായിരുന്ന ശബരിയെ പിടികൂടിയതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയ വി.ജി.ഗിരി കുമാറിനെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.