കാസർകോട്: കുമ്പളയിൽ മദ്രസ വിദ്യാർത്ഥികൾക്കു നേരെ സംഘപരിവാർ ആക്രമണം. ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ത്ഥികളായ ഹസന്‍ സെയ്ദ് (13), മുനാസ് (17) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥികളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ അക്രമ സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ദാറുല്‍ ഉലും മദ്രസയില്‍ താമസിച്ചു പഠിക്കുന്നവരാണ് ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥികള്‍. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ പ്രദേശത്തെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് സംഘം ആക്രമിച്ചത്. തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം, സി.എ.എ, എൻ.ആർ.സി എന്നിവ അംഗീകരിക്കുന്നില്ലെങ്കിൽ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞതായി കുട്ടികൾ പറയുന്നു.