തിരുവനന്തപുരം : പുരയിടത്തില്‍ നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് തടഞ്ഞ പ്രവാസിയും ഭൂവുടമയുമായ കാഞ്ഞിരംവിള സ്വദേശി സംഗീത് ബാലന്‍ എന്ന സംഗീതിനെ ജെ സി ബി ഉപയോഗിച്ച് മണല്‍ മാഫിയ അടിച്ചു കൊന്ന കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്മേല്‍ വാദം ബോധിപ്പിക്കാന്‍ നെയ്യാറ്റിന്‍കര അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഫെബ്രുവരി 9 ന് വാദം ബോധിപ്പിക്കാനാണ് വിചാരണ കോടതി ജഡ്ജി എസ്.സുബാഷ് ഉത്തരവിട്ടത്. മണല്‍ മാഫിയയും കൂട്ടാളികളുമടക്കം 13 പേരാണ് ഗൃഹനാഥനെ ഹിറ്റാച്ചി എക്‌സവേറ്റര്‍ കൊണ്ട് ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍.
മണല്‍ മാഫിയ സംഘത്തില്‍പ്പെട്ട ജെ സി ബി ഡ്രൈവര്‍ വിജിന്‍ , ടിപ്പര്‍ ഓടിച്ച ലിനു മഹേഷ് , ജെ സി ബി ഉടമ സജു എന്ന സ്റ്റാന്റിന്‍ ജോണ്‍ , ടിപ്പര്‍ ഉടമ ഉത്തമന്‍ എന്ന മണികണ്ഠന്‍ , സംഘത്തിലുണ്ടായിരുന്നവരും കൊലയ്ക്ക് പ്രേരിപ്പിച്ചവരും മോഷ്ടിച്ച മണല്‍ കടത്തുന്നതിനും ഒളിവില്‍ പാര്‍ക്കുന്നതിന് സഹായിച്ചവരും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നവരും മോഷണ മുതലായ മണല്‍ വഞ്ചനാപരമായി കൈപ്പറ്റിയവരുമായ ബൈജു , മൂഢന്‍ എന്ന മിഥുന്‍ , മണിക്കുട്ടന്‍ എന്ന സുജിത് , ഉണ്ണി എന്ന ലാല്‍ കുമാര്‍ , തേങ്ങ അനീഷ് എന്ന വിനീഷ് , വിശു എന്ന സനല്‍കുമാര്‍ , വിഷ്ണു. ജി.നായര്‍ , തങ്കമണി , രാജന്‍ എന്ന ജസ്റ്റിന്‍ എന്നിവരാണ് കേസിലെ ഒന്നു മുതല്‍ പതിമൂന്ന് വരെയുള്ള പ്രതികള്‍.
2020 ജനുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 12.30 ന് പുരയിടത്തിലെ മണ്ണ് ഇടിക്കുന്ന വിവരം സംഗീത് കാട്ടാക്കട പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസെത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണ്. ഇതിനിടെയാണ് സംഗീതിനെ കൊലപ്പെടുത്തിയത്. നാട്ടുകാര്‍ സംഗീതിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷമാണ് പോലീസെത്തിയത്. പോലീസിന്റെ അനാസ്ഥയാണ് സംഗീതിന്റെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. നിയമസഭയിലും വിഷയം ഏറെ ഒച്ചപ്പാടിനിടയാക്കിയിരുന്നു.