പത്തനംതിട്ട : റാന്നി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ 27നു പുറംവേദനയായി വന്നു ചികിത്സ തേടിയ റാന്നി സെന്റ് തോമസ് കോളേജ് രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയും റാന്നി -കരിയംപ്ലാവ് സ്വദേശിനിയുമായ സാനിമോൾ ആശുപത്രിയിലെത്തി നാല് മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ട സംഭവത്തിൻമേൽ
അന്വേഷണത്തിന് സർക്കാർ ഉത്തര വിടണമെന്ന് ദേശീയ ജനജാഗ്രത പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അജി ബി.റാന്നി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പുറം വേദനയല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന യുവതിക്ക് മരണം സംഭവിക്കാൻ കാരണം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ അനാസ്ഥയാണ്. സാനിമോൾക്ക് എന്ത് അസുഖത്തിനാണ് ചികിത്സ നൽകിയതെന്നും എന്ത് കാരണത്താലാണ് മരണം സംഭവിച്ചതെന്നും അറിയാനുള്ള അവകാശം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സാനിമോളെ സ്നേഹിക്കുന്നവർക്കുമുണ്ട്. അതുകൊണ്ട് തന്നെ സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തി വിശദാശംങ്ങൾ പുറത്തുവിടണം.
സാനിമോളുടെ ആരോഗ്യവസ്ഥയുടെ ഗൗരവം ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ വിദഗ്ധ ചികിത്സ തേടുന്നതിനും രക്ഷിക്കുന്നതിനും സാധിക്കുമായിരുന്നു. കാര്യങ്ങളുടെ പ്രാഥമിക വിലയിരുത്തലിൽ തന്നെ അവിടെ കൃത്യവിലോപം നടന്നിരുന്നുവെന്ന് ആർക്കും ബോധ്യമാകുന്നതാണ്.
സാധാരണക്കാരുടെ ഏക ആശ്രയമായ സർക്കാർ ആശുപത്രികളിൽ നിന്നും വളരെ മികച്ച സേവനങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ചില ആശുപത്രികളിൽ ജോലിക്കാരിൽ നിന്നും രോഗികൾക്ക് നേരിടേണ്ടി വരുന്നത് തികഞ്ഞ അവഗണനയും അലംഭാവവുമാണ്. റാന്നി താലുക്ക് ആശുപത്രിയെക്കുറിച്ചും ജോലിക്കാരെക്കുറിച്ചും പല പരാതികളും ആക്ഷേപങ്ങളും നാട്ടുകാർക്കിടയിലുണ്ട്. ഈക്കാര്യത്തിലും വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും നിവേദനത്തിൽ അജി ആവശ്യപ്പെട്ടു.