തിരുവനന്തപുരം : പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഭാര്യയുടെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നൽകണമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അന്വേഷണം അട്ടിമറിക്കാൻ പോലീസും സർക്കാരും നടത്തുന്ന ഏതൊരു നീക്കവും സാമൂഹ്യനീതിയുടെ പരസ്യമായ നിഷേധവും ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനവുമാണ്.
ദിവസങ്ങൾ പലത് പിന്നിട്ടിട്ടും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇരുട്ടിന്റെ മറവിലോ ആളൊഴിഞ്ഞ സ്ഥലത്തോ അല്ല കൊലപാതകം നടന്നത്. പരസ്യമായി കൊല നടത്തി ആർക്കും കാണാവുന്ന റോഡിലൂടെ കാറിൽ രക്ഷപ്പെട്ടവരാണ് പ്രതികൾ. എന്നിട്ടും പോലീസ് പ്രതികളെ പിടികൂടുന്നില്ല.
സഞ്ജിത്തിനെ വധിക്കാൻ പലപ്രാവശ്യം ശ്രമം നടന്നിട്ടുള്ളതിനാൽ നിരീക്ഷണവും സുരക്ഷയും ശക്തിപ്പെടുത്തേണ്ട ബാധ്യത പോലീസിനുണ്ടായിരുന്നു. ഭാര്യയുടെ കൺമുന്നിലിട്ട് സഞ്ജിത്തിനെ കൊലചെയ്തവർക്കെതിരെ ശബ്ദിക്കാനോ തൂലിക ചലിപ്പിക്കാനോ തയാറാകാത്ത സാംസ്കാരിക നവോത്ഥാന നായകരുടെ മൗനം അപമാനമാണ്. ഇവരുടെ ഭീരുത്വം ചോദ്യം ചെയ്യപ്പെടുന്ന നാൾ അകലെയല്ലെന്നും കുമ്മനം പറഞ്ഞു.