അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും തിരക്കുള്ള ടീമാണ് ഇന്ത്യ. കാര്യമായ വിശ്രമം പോലുമില്ലാതെയാണ് ഇന്ത്യ ഈയിടെയായി കളിച്ചുകൊണ്ടിരിക്കുന്നത്. മികച്ച കളിക്കാര്‍ ഉളളതു കൊണ്ടു തന്നെ ഒരേ സമയം രണ്ട് വ്യത്യസ്ത ടീമുകളെ കളത്തിലിറക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ടി 20 ലോകകപ്പാണ് ഈ വര്‍ഷം ഇന്ത്യയുടെ ഏറ്റവും പ്രധാന മത്സരം. മെയ് അവസാനത്തോടെയാണ് ഐപിഎല്‍ അവസാനിക്കുകയെങ്കില്‍ ജൂണ്‍ ആദ്യ വാരം ടി20 ലോകകപ്പ് തുടങ്ങും. ഇപ്പോളിതാ ലോകകപ്പിന് തൊട്ടുപിന്നാലെ ഇന്ത്യ കളിക്കേണ്ട പരമ്പര പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ജൂണ്‍ 29 നാണ് ടി20 ലോകകപ്പിന്റെ ഫൈനലെങ്കില്‍ ഒരാഴ്ചയ്ക്ക് ശേഷം ജൂലൈ ആറ് മുതലാണ് ഇന്ത്യയുടെ അടുത്ത പരമ്പര.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ് ഈ പരമ്പരയില്‍ ഒരു പ്രധാന റോള്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ ഇന്ത്യ, സിംബാബ്വെ പര്യടനം നടത്തുമെന്ന് ചൊവ്വാഴ്ചയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സിംബാബ്വെയില്‍ അഞ്ച് മത്സര ടി20 പരമ്പരയാകും ടീം ഇന്ത്യ കളിക്കുക. ജൂലൈ ആറാം തീയതി പരമ്പരയിലെ ആദ്യ മത്സരം നടക്കും. ജൂലൈ ഏഴ്, ജൂലൈ 10, ജൂലൈ 13, ജൂലൈ 14 തീയതികളിലാവും പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍. എല്ലാ കളികളും ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. ഇതില്‍ മൂന്നാം ടി20 നടക്കുക രാത്രിയാകും. ഇതാദ്യമായാണ് സിംബാബ്വെയില്‍ ഫ്ലഡ്‌ലൈറ്റിന് കീഴില്‍ ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരം കളിക്കാന്‍ ഒരുങ്ങുന്നത്.
ടി20 ലോകകപ്പിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ സിംബാബ്വെ പര്യടനം നടക്കാനിരിക്കുന്നത്. നിലവില്‍ ജിതേഷ് ശര്‍മയും ഇഷാന്‍ കിഷനുമാണ് ടി20യില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍മാര്‍. ലോകകപ്പ് സ്‌ക്വാഡിലും ഇവര്‍ തന്നെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇടം പിടിക്കാനാണ് സാധ്യത. ലോകകപ്പില്‍ കളിച്ച താരങ്ങള്‍ക്ക് ഇതിന് ശേഷം നടക്കാനിരിക്കുന്ന പരമ്പരയില്‍ നിന്ന് ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ സിംബാബ്വെ പര്യടനത്തിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ടീമിലെത്തുകയാണെങ്കില്‍ വിക്കറ്റ് കീപ്പര്‍ റോളും സഞ്ജുവിനാകും. 2015 ല്‍ സിംബാബ്വെയ്‌ക്കെതിരെ സിംബാബ്വെയില്‍ വെച്ചായിരുന്നു സഞ്ജുവിന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം. ഇതുവരെ 25 കളികളാണ് കുട്ടി ക്രിക്കറ്റില്‍ ഈ മലയാളി താരം കളിച്ചത്. ഇതില്‍ 18.70 ബാറ്റിങ് ശരാശരിയില്‍ 374 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഒരു അര്‍ധസെഞ്ചുറിയാണ് ടി20 യില്‍ ഇന്ത്യയ്ക്കായി സഞ്ജു നേടിയത്. കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരെ ആയിരുന്നു സഞ്ജു അവസാനം ഒരു ടി20 മത്സരം കളിച്ചത്.