കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയെ ലഹരി വിമുക്തമാക്കുവാനും സർവ്വകലാശാലയിലെ വിദ്യാർത്ഥികളല്ലാത്തവരുടെ ക്യാമ്പസിലേയ്ക്കുള്ള പ്രവേശനവും സർവ്വകലാശാല ഹോസ്റ്റലിലെ താമസവും തടയുന്നതിനുമായി പുറത്തിറക്കിയ സർക്കുലറുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതർ വിവിധ വിഭാഗങ്ങളുമായി നടത്തി വരുന്ന ചർച്ചകൾ തുടരുന്നു. ജൂലൈ ഏഴിന് രാവിലെ 9.30ന് സർവകലാശാല യൂണിയൻ ഭാരവാഹികളുമായും സമരത്തിലുള്ള വിദ്യാർത്ഥി സംഘടന പ്രതിനിധികളുമായും അധികൃതർ ചർച്ച നടത്തും.
ജൂലൈ നാലിന് സർവ്വകലാശാലയിലെ അധ്യാപകരും അനധ്യാപകരുമായി നടത്തിയ ചർച്ച വിജയമായിരുന്നു. നിർദ്ദിഷ്ട ഉത്തരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടന നൽകിയ പരാതികൾ തിങ്കളാഴ്ച പരിഗണിക്കുമെന്ന് വൈസ് ചാൻസലറും രജിസ്ട്രാറും സിൻഡിക്കേറ്റ് ഉപസമിതിയും അറിയിച്ചു. ജൂലൈ ഏഴിന് രാവിലെ 11ന് സിൻഡിക്കേറ്റ് യോഗവും നിശ്ചയിച്ചിട്ടുണ്ട്.