പത്തനംതിട്ട : ശാന്തമ്മ അഗതിമന്ദിരത്തില്‍ നിന്നും ബന്ധുവീട്ടിലേക്ക് യാത്രയായി. ഇവരെ സുരക്ഷിത കരങ്ങളിലേൽപ്പിച്ച സന്തോഷത്തിലാണ് ഇലവുംതിട്ട ജനമൈത്രി പോലീസ്.
ഇലവുംതിട്ട സ്റ്റേഷൻ അതിർത്തിയിൽ പൈവഴിഭാഗത്ത് അലഞ്ഞ് തിരിഞ്ഞ്, പരസ്പര വിരുദ്ധമായി സംസാരിക്കുന്ന വൃദ്ധമാതാവിനെ അവശ നിലയിലാണ് ഇലവുംതിട്ട ജനമൈത്രി പോലീസ് കാണുന്നത്. ഇവരുടെ അവസ്ഥ സമീപവാസിയാണ് ജനമൈത്രി പോലീസിനെ അറിയിക്കുന്നത്. എസ്എച്ച്ഒ എം രാജേഷിന്റെ നിർദ്ദേശപ്രകാരം ഇവിടെയെത്തിയ ബീറ്റ് ഓഫീസർ എസ് അൻവർഷ വാർഡംഗം സുരേഷ് കുമാറിന്റെ സഹായത്തോടെ ഇവരുടെ വിവരം ശേഖരിച്ചു. പുന്നക്കുളഞ്ഞി ലക്ഷം വീട് കോളനിയിലെ ശാന്തമ്മ എന്ന എൺപത്തിയെട്ട് കാരിയാണ് ഇതെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു.
ഇവർ വീട്ടിൽ നിന്നും സ്ഥിരമായി ഇറങ്ങിപ്പോവുകയും പലവട്ടം മെമ്പർമാരും പോലീസുമിടപെട്ട് തിരികെ വീട്ടിലാക്കുകയും ചെയ്യാറുള്ളതാണ്. സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ കഴിഞ്ഞമാസം ഇലവുംതിട്ട ജനമൈത്രി പോലീസ് ഏറ്റെടുത്ത് ഉള്ളന്നൂരിൽ പ്രവർത്തിക്കുന്ന സ്നേഹദീപം അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ചർച്ചകൾക്കൊടുവിൽ കുറിച്ചിമുട്ടം സ്വദേശികളായ ഇവരുടെ അനുജത്തിയുടെ മക്കളായ ഓമനയും രാധാമണിയും ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായി. ഇന്ന് ശാന്തമ്മയെ അഗതിമന്ദിരത്തിന്റെ വേലിക്കെട്ടിൽ നിന്നും ബന്ധുത്വത്തിന്റെ വിശാലതയിലേക്ക് യാത്രയാക്കി. ശാന്തമ്മയെ സുരക്ഷിത കരങ്ങളിലേൽപ്പിച്ച സന്തോഷത്തിലാണ് ജനമൈത്രി പോലീസ്.