സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രത്തിൽ ക്യാമറ ഒഴികെ എല്ലാ ജോലികളും ചെയ്യുന്നത് സന്തോഷ് പണ്ഡിറ്റ് തനിച്ച്. നൂറിലേറെ പുതുമുഖങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. ‘കേരളാ ലൈവ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പകുതിയും പൂർത്തിയായെന്നും രണ്ടാം ഷെഡ്യൂൾ ഉടൻ ആരംഭിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. ഷില്ലോങ്, ഡാർജിലിങ് എന്നിവിടങ്ങളിൽ പാട്ടുസീനുകൾ ചിത്രീകരിച്ചെന്നും ബാക്കി ഗാനങ്ങൾ കുളു, മണാലി, കാശ്മീർ എന്നിവിടങ്ങളിലാണ് ഷൂട്ട് ചെയ്യുക എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ‘‘വെറും 5 ലക്ഷം രൂപാ ബജറ്റിൽ ഒരുങ്ങുന്ന എന്റെ പന്ത്രണ്ടാമത്തെ സിനിമ ‘കേരളാ ലൈവ്’ രണ്ടാം ഷെഡ്യൂൾ ഉടനെ ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു.. എന്നോടൊപ്പം ഡയലോഗ് ഉള്ള നൂറിലധികം പുതുമുഖ നടീ നടൻമാർ അഭിനയിക്കുന്നു.
ആദ്യ ഷെഡ്യൂൾ കഴിഞ്ഞതിൽ പിന്നെ മഴ, എന്റെ ചില കുഞ്ഞു ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ആയി തുടർച്ചയായി യാത്രയിൽ ആയതിനാൽ കുറേ സമയം പോയതാണ് ഒരു ചെറിയ ഗ്യാപ് വരുവാൻ കാരണം. ചില ഗാനങ്ങൾ ഷില്ലോങ്, ഡാർജിലിങ് ഭാഗത്ത് ഷൂട്ട് ചെയ്ത് കഴിഞ്ഞ്.. ആകെ 8 പാട്ട് ഉണ്ടേ.. ബാക്കി ഗാനങ്ങൾ കുളു, മണാലി, കാശ്മീർ ഉടനേ ചെയ്യണം.. രണ്ടു സംഘട്ടനങ്ങൾ ഷൂട്ട് ചെയ്ത് കഴിഞ്ഞ് ട്ടോ. ബാക്കി ഈ ഷെഡ്യൂളിൽ പൂർത്തിയാക്കണം.. ക്യാമറ ഒഴികെ എല്ലാ ജോലികളും ഞാൻ ഒറ്റയ്ക്ക് ചെയ്യുന്നു. എഡിറ്റിങ്, ഡബ്ബിംഗ് ജോലികൾ ഉടനേ ചെയ്തു തീർത്ത് ഓണം റിലീസ് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.’’–സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.