തൃശ്ശൂര്‍ : എഴുത്തുകാരി സാറാ ജോസഫിന്‍റെ മരുമകന്‍ പി.കെ ശ്രീനിവാസന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം തട്ടിയെടുത്തതായി പരാതി. തൃശൂര്‍ വെസ്റ്റ് പാലസ് റോഡിലുള്ള കാനറ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. സിം കാര്‍ഡിന്‍റെ ഡ്യൂപ്ലിക്കേറ്റ് എടുത്തായിരുന്നു തട്ടിപ്പ്. സംഭവത്തിൽ തൃശൂര്‍ സിറ്റി സൈബർസെൽ അന്വേഷണം തുടങ്ങി .
ശ്രീനിവാസൻ ഉപയോഗിച്ചിരുന്ന ബി.എസ്.എൻ.എൽ പോസ്റ്റ് പെയ്ഡ് സിം കാർഡിന്‍റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ സിം കാർഡിലേക്ക് വന്ന ഒടിപി ഉപയോഗിച്ച് അഞ്ച് തവണകളിലായാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ശ്രീനിവാസന്‍റെ ആധാർ കാർഡിലെ ഫോട്ടോ മാറ്റി ആലുവയിൽ നിന്നുമാണ് സിം കാർഡ് എടുത്തിട്ടുള്ളത്. കാനറ ബാങ്കിൽ നിന്നും വെസ്റ്റ് ബംഗാളിലുള്ള ഐ.സി.ഐ.സി.ഐ ബാങ്കിലേക്ക് പോയ പണം പന്നീട് എങ്ങോട്ട് പോയി എന്നതും വ്യക്തമല്ല.
സംഭവത്തിൽ തൃശൂര്‍ സൈബർ സെല്ലിൽ ശ്രീനിവാസൻ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബീഹാർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കാനറ ബാങ്കിൽ നൽകിയ പരാതിയിലും തുടർനടപടികൾ ആരംഭിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.