തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സരിത്തിനെ എന്‍ഐഎ സംഘം തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട സംഘം 10.40 നാണ് തിരുവനന്തപുരത്തെ പേരൂര്‍ക്കട പോലീസ് ക്ലബില്‍ എത്തിയത്. മാധ്യമങ്ങളുടെ മുന്നില്‍ പെടാതെ പിന്‍ഭാഗത്തുള്ള ഗേറ്റിലൂടെയാണ് പ്രതിയെ എത്തിച്ചത്. തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ സരിത്തിനെ എത്തിച്ച് എന്‍ഐഎ തെളിവെടുപ്പ് നടത്തും. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലാണ് പ്രധാനമായും തെളിവെടുപ്പ് നടക്കുക. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച ഗൂഢാലോചന നടന്നത് ഇവിടെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കൂടാതെ സരിത്തിന്റെ തിരുവല്ലത്തെ വീട്ടിലും അമ്പലമുക്കിലെ സ്വപ്‌നയുടെ ഫ്ലാറ്റിലും എന്‍ഐഎ തെളിവെടുപ്പ് നടത്തും. നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണമെത്തിച്ച തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലിലും സരിത്തിനെ തെളിവെടുപ്പിനായി എത്തിക്കുമെന്നാണ് സൂചന. നേരത്തെ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.