തിരുവനന്തപുരം : സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസില്‍ ബെവ്‌കോയിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് എതിരെ പരാതിക്കാരന്‍റെ മൊഴി . മാനേജര്‍ മീനാകുമാരിക്ക് കൊടുക്കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് പരാതിക്കാരന്‍ അരുണ്‍ എസ് നായര്‍ പറഞ്ഞു. മീനാകുമാരിയോട് ഫോണില്‍ സംസാരിച്ചെന്നും അരുണ്‍. ജോലി ലഭിക്കില്ലെന്നാണ് ആദ്യം മീനാകുമാരി പറഞ്ഞതെന്നും മൊഴിയില്‍ പറയുന്നു. രണ്ടാമത് വിളിച്ച് ഫോണില്‍ പറയുന്ന കാര്യങ്ങള്‍ പുറത്ത് പറയരുതെന്നും നിര്‍ദേശിച്ചുവെന്നും മൊഴിയില്‍ അരുണ്‍ വ്യക്തമാക്കി.
സരിതയും കൂട്ടാളികളും തൊഴില്‍ തട്ടിപ്പിനായി ബെവ്‌കോ എം.ഡിയുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയതിന് തെളിവ് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറുടെ പേരില്‍ ഇന്റര്‍വ്യൂനുള്ള ക്ഷണപത്രവും തയാറാക്കി. കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് പണം വാങ്ങിയതെന്നും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെന്ന പേരില്‍ പലരെയും ഫോണില്‍ വിളിച്ച് വിശ്വസിപ്പിച്ചിരുന്നെന്നും പരാതിക്കാര്‍ മൊഴി നല്‍കി.
സര്‍ക്കാരില്‍ സ്വാധീനമുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സരിത എസ്. നായര്‍ പ്രതിയായ നെയ്യാറ്റിന്‍കരയിലെ തൊഴില്‍ തട്ടിപ്പും നടന്നത്. രണ്ട് യുവാക്കളാണ് ഇതുവരെ പരാതി നല്‍കിയിട്ടുള്ളത്.
നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി അരുണ്‍ എസ്. നായരെ കെ.ടി.ഡി.സിയിലും കുഴിവിള സ്വദേശി എസ്.എസ്.ആദര്‍ശിനെ ബെവ്‌കോയില്‍ ജോലി നല്‍കാമെന്നും പറഞ്ഞ് പറ്റിച്ചതായാണ് പരാതി. അരുണില്‍ നിന്ന് അഞ്ച് ലക്ഷവും ആദര്‍ശില്‍ നിന്ന് 11 ലക്ഷം രൂപയും വാങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജരേഖകള്‍ കാണിച്ച് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങള്‍ വാങ്ങിയത്. ബെവ്‌കോ എം.ഡിയുടെ ഒപ്പോടെ ലെറ്റര്‍ പാഡില്‍ തയാറാക്കിയ റാങ്ക് പട്ടികയും ഇന്റര്‍വ്യൂ കാര്‍ഡും ആദര്‍ശിന് നല്‍കി. കെ.ടി.ഡി.സി എം.ഡിയുടെ പേരിലും സമാന രേഖകള്‍ തയാറാക്കി. പരാതിക്കാരെ വിശ്വസിപ്പിക്കാനായി ഉന്നത ഉദ്യോഗസ്ഥരെന്ന പേരില്‍ ഫോണ്‍ വിളിച്ചിരുന്നതായും പരാതിക്കാര്‍ പറയുന്നു.