ഇടുക്കി : വീട്ടില്‍ ഉറങ്ങിക്കിടന്ന 75കാരിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്ന കേസില്‍ സഹോദരീപുത്രന്‍ അറസ്റ്റില്‍. മുട്ടം തോട്ടുങ്കര ഊളാനിയില്‍ സരോജിനി (75)യാണ് കൊല്ലപ്പെട്ടത്. വെള്ളത്തൂവല്‍ വരകില്‍ വീട്ടില്‍ സുനില്‍ കുമാര്‍ (52) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ മാര്‍ച്ച് 31 ന് രാത്രിയാണ് സംഭവം. ആറു വര്‍ഷമായി സരോജിനിയുടെ വീട്ടില്‍ സഹായിയായി താമസിക്കുകയായിരുന്നു സുനില്‍. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കര്‍ സ്ഥലം അടക്കം 6 കോടി രൂപയുടെ സ്വത്തുണ്ടെന്ന് പോലീസ് പറഞ്ഞു. സ്വത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. മൂന്നു വര്‍ഷം തൊടുപുഴ താലൂക്ക് ഓഫീസിലെത്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സരോജിനിക്ക് തന്നെയാണെന്ന് സുനില്‍ ഉറപ്പുവരുത്തിയിരുന്നു.
സ്വത്തുക്കള്‍ തനിക്ക് നല്‍കാമെന്ന് സരോജനി പറഞ്ഞിരുന്നതായി സുനില്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ രണ്ട് സഹോദരിമാരുടെയും ഒന്‍പത് മക്കളുടെയും പേരില്‍ സ്വത്ത് വീതം വെച്ചു നല്‍കിയതാണ് പ്രതിക്ക് വൈരാഗ്യത്തിന് കാരണമായതെന്നും കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.
റേഷന്‍കടയില്‍ നിന്നു പല തവണയായി മണ്ണെണ്ണ വാങ്ങി സുനില്‍ രഹസ്യമായി സൂക്ഷിച്ചു. രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന സരോജിനിയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു കൊല ചെയ്യുകയായിരുന്നു. മൃതദേഹം അടുക്കളയിലെത്തിച്ച് പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി. പുലര്‍ച്ചെ മൂന്നോടെ അടുക്കളയില്‍ എത്തിയ സരോജിനി പാചകവാതകം ചോര്‍ന്നു വെന്തുമരിച്ചതായി പോലീസിന് മൊഴി നല്‍കി.
കിടപ്പുമുറിയില്‍ ചൂടു കൂടുതലായതിനാല്‍ അടുക്കളയുടെ സമീപമാണ് സരോജിനി കിടന്നിരുന്നതെന്ന സുനിലിന്റെ മൊഴിയാണ് പോലീസിന് സംശയമായത്. വീട്ടില്‍ പോലീസ് രാത്രി പരിശോധന നടത്തി. സരോജിനി മരിച്ചുകിടന്ന മുറിയിലാണ് ചൂടു കൂടുതല്‍ എന്നു കണ്ടെത്തി. സരോജിനിയുടെ മൊബൈല്‍ ഫോണ്‍, താക്കോല്‍, ടോര്‍ച്ച് എന്നിവ കിടപ്പു മുറിയില്‍ കണ്ടതും പോലീസിന് സംശയത്തിനു കാരണമായി. പാചകവാതകം മിതമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തി. ഇതോടെ സുനില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.