ഹൂസ്റ്റണ്‍ : ആസന്നമായിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാലാനുശ്രുത മാറ്റങ്ങളെ കൃത്യമായി അപഗ്രഥിച്ചു രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ഉജ്ജ്വലമായി പ്രകാശിക്കുന്ന, പുതു തലമുറയുടെ പ്രതീകമായി മാറിയ ഡോ.ശശി തരൂരിന് ഒഐസിസി യുഎസ്എ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പിന്തുണ അറിയിച്ചു.
ഒഐസിസി യുഎസ്എ ഒക്ടോബര്‍ 9 ഞായറാഴ്ച വൈകുന്നേരം 8ന് സൂം പ്ലാറ്റ് ഫോമില്‍ വിളിച്ചുകൂട്ടിയ പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതം ആശംസിച്ചു. ചെയര്മാന് ജെയിംസ് കൂടല്‍ ആമുഖ പ്രസംഗം നടത്തി. കോണ്‍ഗ്രസിന് ഉത്തേജനം നല്‍കേണ്ട പ്രസിഡന്റ് സ്ഥാനാര്‍ഥി ഊര്‍ജ്ജസ്വലനും ഇന്ത്യയുടെ എല്ലാവിഭാഗം ജനങ്ങളുടെ പ്രശ്നങ്ങളെ പഠിക്കുവാനും അതിനു പ്രശ്നപരിയാഹാരകനായ ഒരാള്‍ ആയിരിക്കണം.
ജനങ്ങളോട് തുറന്നു സംവദിക്കുവാനും ആകര്‍ഷകമായ വ്യക്തിത്വവും വിദ്യാഭ്യാസവും പാര്‍ട്ടിയുടെ തിരിച്ചു വരവിനുള്ള അനുകൂല സാധ്യതകളായി നിരീക്ഷകരും പാര്‍ട്ടി പ്രവര്‍ത്തകരും കാണുന്നു. പുത്തന്‍ തലമുറയെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാവായിരിക്കണം പ്രസിഡന്റ്. ഇതെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വമാണ് ഡോ.തരൂരിന്റെതെന്ന് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. ചേറ്റൂര്‍ ശങ്കരന് നായര്‍ എന്ന മലയാളി പാര്‍ട്ടി അധ്യക്ഷനായത് 1897 ലാണ്. നൂറ്റിഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മലയാളി മത്സരിക്കുമ്പോള്‍ കേരളത്തിന് അതൊരു അഭിമാനമാണ്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സേവനത്തെയും കോണ്‍ഗ്രസ് പാരമ്പര്യത്തെയും മാനിക്കുന്നു. എന്നാല്‍ പ്രായം ഒരു പ്രധാന ഘടകം ആണെന്നും ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസിനു ഒരു പുതുജീവന്‍ നല്കാന് ഖാര്‍ഗേക്ക് കഴിയുമോയെന്നും അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു. പാര്‍ലമെന്ററി രംഗത്ത് ശക്തമായ പാരമ്പര്യമുള്ള പരിചയ സമ്പന്നനായ ഖാര്‍ഗെ പ്രസിഡന്റായി വന്നാല്‍ കോണ്‍ഗ്രസിനു പുതു ജീവന് നല്കാന് കഴിയുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. നിഷ്പക്ഷ നിലപാടുള്ളവരും ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപെട്ടാലും ഒഐസിസി യുഎസ്എയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നും തീരുമാനിച്ചു. ട്രഷറര്‍ സന്തോഷ് എബ്രഹാം, വൈസ് ചെയര്‍മാ·ാരായ കളത്തില്‍ വര്‍ഗീസ്, ജോബി ജോര്‍ജ് വൈസ് പ്രസിഡന്റുമാരായ ഡോ. മാമ്മന്‍. സി .ജേക്കബ്, സജി എബ്രഹാം, ഷാലു പുന്നൂസ്, മീഡിയ ചെയര്മാന് പി.പി. ചെറിയാന്, ജോയിന്റ് ട്രഷറര്‍ ലാജി തോമസ്, വെസ്റ്റേണ്‍ റീജിയന് ചെയര്മാന് ജോസഫ് ഒൗസോ, പ്രസിഡണ്ട് ഈശോ സാം ഉമ്മന്‍, സതേണ്‍ റീജിയന് ട്രഷറര്‍ സഖറിയ കോശി, നോര്‍ത്തേണ്‍ റീജിയന് ട്രഷറര്‍ ജീ മുണ്ടയ്ക്കല്‍, യൂത്ത് വിങ് ചെയര്‍ കൊച്ചുമോന് വയലത്ത്, സാന്‍ഫ്രാന്‍സിസ്കോ ചാപ്റ്റര്‍ പ്രസിഡണ്ട് അനില്‍ ജോസഫ് മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ തോമസ് ജോര്‍ജ് (ചാച്ചി), ബിജു കോന്പശ്ശേരില്, വര്‍ഗീസ് കെ ജോസഫ്, രാജു വര്‍ഗീസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.