ചെന്നൈ : അനധികൃത സ്വത്തുകേസിൽ ബെംഗളൂരു ജയിലിലുള്ള അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല ചട്ടപ്രകാരമുള്ള ഇളവ് നൽകി തന്നെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി. അപേക്ഷ ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറിയതായി പാരപ്പന അഗ്രഹാര സെൻട്രൽ ജയിൽ അധികൃതർ അറിയിച്ചു. 4 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയിൽ വാസം നിയമപ്രകാരം ജനുവരി 27നാണു തീരുക. കർണാടക ജയിൽ ചട്ടങ്ങൾ പ്രകാരം നല്ല നടപ്പിന് ഒരു മാസം 3 ദിവസത്തെ ശിക്ഷയിളവ് നൽകാം. ഇതുപ്രകാരം തനിക്ക് 135 ദിവസത്തെ ഇളവിന് അവകാശമുണ്ടെന്നും ഇതനുവദിക്കണമെന്നു ശശികല അഭ്യർഥിച്ചു.
ശിക്ഷയുടെ ഭാഗമായ 10 കോടി രൂപ പിഴ രണ്ടാഴ്ച മുൻപ് ശശികല കോടതിയിൽ അടച്ചിരുന്നു. ഇതിന്റെ വിവരം ബെംഗളൂരു ജയിൽ അധികൃതർക്കു കൈമാറുകയും ചെയ്തു. ഇതോടെ ശശികല ഏതു നിമിഷവും ജയിൽ മോചിതയാകാമെന്ന അഭ്യൂഹം പരന്നു. എന്നാൽ ജനുവരി 27നു മുൻപ് ശശികലയെ മോചിപ്പിക്കില്ലെന്നു കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി. അഴിമതിക്കേസിൽ ഉൾപ്പെട്ടവർക്ക് ഇളവിന് അർഹതിയില്ലെന്നു ചിലർ ചൂണ്ടിക്കാട്ടി.
ശിക്ഷയിളവ് തേടി ശശികല നേരിട്ടു അപേക്ഷ നൽകിയതിനാൽ ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉടൻ നീങ്ങിയേക്കും. ജയലളിതയുടെ മരണത്തിനു ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ 2016 ഫെബ്രുവരിയിലാണു ശശികല ജയിലിലായത്. സഹോദര ഭാര്യ ഇളവരശി, സഹോദരീ പുത്രൻ സുധാകരൻ എന്നിവരും കേസിൽ ശിക്ഷയനുഭവിക്കുന്നു. ജയലളിതയും പ്രതിയായിരുന്നു.