പഹല്‍ഗാം : ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് 26 വിനോദസഞ്ചാരികളുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന് രണ്ട് മാസം മുമ്പ് പ്രദേശത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറിയിരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സാറ്റ്‌ലൈറ്റ് കമ്പനിയായ മാക്‌സാര്‍ ടെക്‌നോളജീസില്‍ നിന്ന് ഈ ചിത്രങ്ങള്‍ ആരാണ് വന്‍ വില കൊടുത്ത് വാങ്ങിയതെന്നും ഇവയ്ക്ക് ഭീകരാക്രമണവുമായി ബന്ധമുണ്ടോയെന്നും ഇപ്പോള്‍ വ്യക്തമല്ലെന്നും ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. ഈ അമേരിക്കന്‍ കമ്പനിയുമായി ഒരു പാക് വിവാദ കമ്പനിക്കുള്ള ബന്ധമാണ് സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കുന്നത്.
ലോകത്തെ പ്രധാന സാറ്റ്‌ലൈറ്റ് കമ്പനികളിലൊന്നാണ് അമേരിക്കയിലെ മാക്‌സാര്‍ ടെക്‌നോളജീസ്. ലോകത്തെ വിവിധ സര്‍ക്കാരുകളും അന്വേഷണ ഏജന്‍സികളും മാക്‌സാര്‍ ടെക്‌നോളജീസില്‍ നിന്ന് ഉപഗ്രഹ ചിത്രങ്ങള്‍ സുരക്ഷാ ആവശ്യങ്ങള്‍ക്കടക്കം വാങ്ങാറുണ്ട്. ജമ്മു കശ്‌മീരിലെ പഹല്‍ഗാമിന്‍റെയും മറ്റ് പ്രധാന കശ്‌മീര്‍ പ്രദേശങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങള്‍ക്ക് 2025 ഫെബ്രുവരി 2 മുതല്‍ 22 വരെ വന്‍ ഡിമാന്‍ഡ് മാക്‌സാര്‍ ടെക്‌നോളജീസിനെ തേടിയെത്തി. പഹല്‍ഗാമിന്‍റെ മാത്രം ഉപഗ്രഹ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് മാക്‌സാര്‍ ടെക്നോളജീസിന് ഇക്കാലയളവില്‍ 12 അപേക്ഷകള്‍ ലഭിച്ചു. ചിലപ്പോള്‍ യാഥര്‍ശ്ചികമാകാമെങ്കിലും ഈ ഓര്‍ഡറുകളിലെ പെരുപ്പം അസാധാരണമായിരുന്നു. അതിന് മുമ്പ് അനുഭവപ്പെട്ടതിനേക്കാള്‍ ഇരട്ടിയാളുകളാണ് പഹല്‍ഗാമിന്‍റെയും പരിസര പ്രദേശങ്ങളുടെയും സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ തേടി മാക്‌സാറിനെ ഫെബ്രുവരി മാസം സമീപിച്ചത്.