തിരുവനന്തപുരം: ഡി ജി പി ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ എസ് യു പ്രവർത്തകരെ പോലീസ് മൃഗീയമായി ആക്രമിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദ്യാർഥി നേതാക്കളേയും മാർച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടൻ എംഎൽഎയെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയാണ് പോലീസ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലീസിനെ നിയന്ത്രിക്കുന്ന ഉപജാപക സംഘത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഈ അഴിഞ്ഞാട്ടം. എസ് എഫ് ഐ പ്രവർത്തകരുടെ സമരത്തെ വാത്സല്യത്തോടെ നേരിടുന്ന പോലീസ്, കെ എസ് യു പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു. ഇത് ഇരട്ട നീതിയാണ്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന് ഓർക്കണമെന്നും സതീശൻ വെല്ലുവിളിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ അക്രമങ്ങളുടേയും ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ സതീശൻ പറഞ്ഞിരുന്നു.
ഏത് കേസ് എടുത്താലും ഒന്നാം പ്രതിയാകേണ്ടയാള്‍ മുഖ്യമന്ത്രിയാണ്. വധശ്രമത്തിന് പോലീസ് കേസെടുത്ത അക്രമ സംഭവം മാതൃകാ പ്രവർത്തനം ആയിരുവെന്നും അത് ഇനിയും തുടരണമെന്നും പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കലാപത്തിന് ആഹ്വാനം ചെയ്തതിന് കേസിൽ പ്രതിയാകേണ്ടയാളാണ് പിണറായി വിജയൻ. ഇന്നലെ വരേയും മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. കല്യാശ്ശേരി മുതൽ കൊല്ലം വരെ മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനലുകൾ ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചു. സഹികെട്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. എസ് എഫ് ഐക്കാരോടുള്ള സമീപനമല്ല പോലീസിന് കെ എസ് യുവിനോട്. 2000 പോലീസുകാരുടേയും 150 വാഹനങ്ങളുടേയും പാർട്ടി ഗുണ്ടകളുടേയും ക്രിമിനലുകളുടേയും അകമ്പടിയിൽ നടക്കുന്ന മുഖ്യമന്ത്രി ഭീരുവാണെന്നാണ് ഞാൻ പറഞ്ഞത്. സുധാകരനോട് ചോദിക്കൂ എന്നാണ് അതിന് മുഖ്യമന്ത്രിയുടെ മറുപടി.
പിണറായി വിജയൻ ഭീരുവാണെന്നാണ് കെ സുധാകരനോട് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത്. കെ എസ് യുക്കാരെയും യുത്ത് കോൺഗ്രസുകാരേയും അടിച്ചാൽ ആരും ചോദിക്കില്ലെന്നാണ് ധാരണയെങ്കിൽ ആ ധാരണ തെറ്റാണ്. അടിച്ചാൽ തിരിച്ചടിക്കുക തന്നെ ചെയ്യും. പോലീസ് നിഷ്പക്ഷമായി കേസെടുത്തില്ലെങ്കിൽ ഞങ്ങൾക്ക് വേറെ മാർഗമില്ല. ഇന്നലെ ഒരു പുരുക്ഷ എസ് ഐയാണ് പെൺകുട്ടിയുടെ വസ്ത്രം വലിച്ചു കീറിയത്. പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പേടിപ്പിക്കാനൊന്നും മുഖ്യമന്ത്രി നോക്കണ്ടെന്നും സതീശൻ പറഞ്ഞു.