ജിദ്ദ : സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിൽ ഗുണകരമായ പരിഷ്കാരവുമായി സൗദി അറേബ്യ. നിയമ ലംഘനം കണ്ടെത്തിയാൽ ഗൗരവം, തൊഴിൽ വിപണിയിലെ സ്വാധീനം, തൊഴിൽ സ്ഥാപനത്തിന്റെ വലുപ്പം എന്നിവ അടിസ്ഥാനമാക്കിയാണ് ഇനി സാമ്പത്തിക പിഴ നിശ്ചയിക്കുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി നിയമ ലംഘനങ്ങൾ സംബന്ധിച്ച പുതിയ പട്ടികയ്ക്ക് അംഗീകാരം നൽകി. ഇതിനായി സ്ഥാപനങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിക്കും. 51ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ‘എ’ വിഭാഗത്തിലാണ്. 11 മുതൽ 50 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ‘ബി’ കാറ്റഗറിയിലും 10ഉം അതിൽ താഴെയും തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ‘സി’ വിഭാഗത്തിലുമായിരിക്കും.
നിയമലംഘനം കണ്ടെത്തി കുറ്റം ചുമത്തിയാൽ 60 ദിവസത്തിനുള്ളിൽ സ്ഥാപന ഉടമയ്ക്ക് എതിർ വാദം ഉന്നയിച്ച് പരാതി നൽകാം. മന്ത്രാലയം പുതുതായി ആരംഭിച്ച ഇലക്‌ട്രോണിക് ഒബ്ജക്ഷൻ സർവിസിലൂടെയാണു പരാതി നൽകേണ്ടത്. നിയമലംഘനങ്ങൾ കണ്ടെത്തിയ ആദ്യ പരിശോധനാ വേളയിൽ പിടിക്കപ്പെട്ട ലംഘനങ്ങൾക്കുള്ള പിഴ തുകയിൽ 80 ശതമാനം കിഴിവ് നൽകും.
നിയമലംഘനം പരിഹരിക്കുന്നതിനുള്ള സമയ പരിധി സ്ഥാപന ഉടമ ആവശ്യപ്പെട്ടാൽ നീട്ടി നൽകും. ഓരോ ലംഘനത്തിനും സൗദി പൗരനെ ജോലിക്കു നിയമിക്കുന്നതിനുള്ള പ്രതിഫലമായ ഇളവ് 80 ശതമാനമായി ഉയർത്തും. സ്റ്റാർട്ടപ്പുകളെയും പുതിയ സംരംഭകരെയും സംബന്ധിച്ച് ആദ്യ വർഷം ശിക്ഷയുണ്ടാവില്ല. പകരം നിയമങ്ങൾ സംബന്ധിച്ച അവബോധവും മാർഗനിർദേശവും നൽകും. ഉപദേശവും മാർഗനിർദേശവും നൽകുന്നത് തുടരുകയും ചെയ്യും.
പുതിയ മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും വിപണിയുടെ ആവശ്യകതകൾ അനുസരിച്ച് ലംഘനങ്ങളുടെയും പിഴകളുടെയും ഷെഡ്യൂളുകൾ അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആകർഷകമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും ഈ പരിഷ്കരണം സഹായിക്കും.