സൗദി അറേബ്യ : ദക്ഷിണ സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ പെടുന്ന ബെയ്ഷ് പ്രദേശത്ത് ക്വാറന്റ്റെയിനിൽ കഴിയുകയായിരുന്ന മലയാളി മരിച്ചു. ഇടുക്കി ജില്ലയിലെ നെടുങ്കണം താന്നിമൂട് കല്ലമണ്ണില്‍ പുരയിടത്തില്‍ ഗോവിന്ദന്റെയും ഭവാനിയുടെയും മകന്‍ സാബു കുമാർ (52) ആണ് മരിച്ചത്. ഭാര്യ: വല്‍സല. മക്കള്‍: പ്ലസ്ടു വിദ്യാര്‍ഥി ചന്ദ്രകാന്ത്, പത്താം ക്ലാസ് വിദ്യാര്‍ഥിനി ചിത്രവേണി.
കഴിഞ്ഞ ആഴ്ച സാബു കുമാർ ഉൾപ്പെട്ട ലേബർ ക്യാംപിൽ സൗദി ആരോഗ്യ വകുപ്പ് കൊറോണാ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഒരാൾക്ക് കൊറോണാ വൈറസ് ഉള്ളതായി സ്ഥിരപ്പെടുകയും തുടർന്ന് ക്യാംപിലുള്ള എല്ലാവരോടും ആരോഗ്യ വകുപ്പ് ക്വാറന്റൈൻ നിർദേശിക്കുകയുമായിരുന്നു. ലേബർ ക്യാംപിലെ പ്രത്യേക സ്ഥലത്തായിരുന്നു തുടർന്ന് താമസം.
നേരിയ പനിയും തൊണ്ട വേദനയും ഉണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തിന്റെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതിനായി മൃതദേഹത്തിൽ നടത്തിയ പരിശോധയുടെ ഫലം കാത്തിരിക്കുകയാണ് ബന്ധുക്കള്‍. കൂടെ കഴിഞ്ഞിരുന്നവർ രാവിലെ ഉറക്കിൽ നിന്ന് വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ സാബു കുമാറിനെ മരിച്ച അവസ്ഥയിലാണ് കാണാനായത്. ഇദ്ദേഹത്തിന് രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായിരുന്നു. നാസർ അൽഹജിരി കോർപറേഷനിൽ (എൻ എസ് എച്) കഴിഞ്ഞ പന്ത്രണ്ട് വർഷമായി ജോലിചെയ്യുന്ന സാബു കുമാർ മൂന്നുവർഷം മുമ്പാണ് ബേഷിലെ ജിസാൻ എക്കണോമിക് സിറ്റി പ്രോജക്ടിൽ ഫോർമാനായി നിയമിതനായത്.