റിയാദ്: 500 ബില്യൺ നഗരത്തിൻ്റെ മെഗാ ടൂറിസം പദ്ധതിയായ സൗദിയുടെ നിയോമിൻ്റെ ഭാഗമായി അഖബ ഉൾക്കടലിൻ്റെ അതിമനോഹരമായ തീരപ്രദേശത്ത് പാറക്കെട്ടുകൾക്കിടയിൽ സ്വകാര്യ അംഗങ്ങൾക്കായി ആഡംബര ക്ലബ് നിർമ്മിക്കുന്നു. സെയ്നാർ എന്ന പേരിൽ നിർമ്മിക്കുന്ന ക്ലബ്ബ് ദൈനംദിന ജീവിത തിരക്കുകളിൽ നിന്ന് മാറി ശാന്തമായ അഖബ തീരത്ത് അംഗങ്ങൾക്ക് വിശ്രമിക്കാനുള്ള സങ്കേതമായിരിക്കും. മനുഷ്യരുടെ ഇടപെടലുകളില്ലാതെ തീർത്തും ശാന്തസുന്ദരമായ കടലോര പ്രദേശത്ത് അഖബ ഉൾക്കടലിന് അഭിമുഖമായാണ് ബീച്ച് ഫ്രണ്ട് വിശ്രമകേന്ദ്രം. വളർന്നുവരുന്ന വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയുടെ വികസനത്തിൽ സുപ്രധാന പദ്ധതിയായി സെയ്‌നർ മാറുമെന്ന് നിയോം പത്രക്കുറിപ്പിൽ അറിയിച്ചു. അതിമനോഹര വാസ്തുവിദ്യയിൽ വിശ്രമത്തിനും വിനോദത്തിനും സംഭാഷണത്തിനും അനുയോജ്യമായ അന്തരീക്ഷം സെയ്‌നർ പ്രദാനംചെയ്യും. പ്രകൃതിദത്തമായ ഭൂപ്രദേശത്തെ മനോഹാരിത മുഴുവൻ നുകരാൻ കഴിയുന്ന വിധത്തിലാണ് സെയ്‌നർ വിഭാവനം ചെയ്തിരിക്കുന്നതെന്ന് നിയോ പ്രസ്താവനയിൽ പറഞ്ഞു. അതിഥികളെ മനോഹരമായ തീരങ്ങളിലേക്ക് ഇത് കൂട്ടിക്കൊണ്ടുപോകുന്നു. ക്ലബ് അംഗങ്ങൾക്ക് ഒറ്റയ്ക്ക് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ സ്വകാര്യ വിശ്രമത്തിനുള്ള സ്ഥലങ്ങളും ഒരുമിച്ച് ഇരിക്കാനുള്ള സാമൂഹിക ഇടങ്ങളും ഇവിടെയുണ്ടാവും.
നിയോ പദ്ധതിക്ക് കീഴിൽ നിരവധി സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളാണ് രാജ്യത്ത് ഒരുങ്ങുന്നത്. നിയോം ആഡംബര ഇക്കോ റിസോർട്ട് ‘സർദൂൻ’ ഈയിടെ അനാച്ഛാദനം ചെയ്തു. കോടിക്കണക്കിന് റിയാൽ മുതൽ മുടക്കിൽ ലെയ്ജ, എപിക്കോൺ, സിറന്ന, ഉറ്റാമോ, നോർലാന, അക്വെല്ലം തുടങ്ങിയ വിനോദ-വിശ്രമ കേന്ദ്രങ്ങൾ നിയോം നടപ്പാക്കിവരികയാണ്. സൗദി വിഷൻ 2030ൻ്റെ ഭാഗമായി രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന് വലിയ പരിശ്രമങ്ങളാണ് നടക്കുന്നത്. എണ്ണയിതര വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തിൻ്റെ വിശാലവും സവിശേഷവുമായ ഭൂപ്രകൃതിയും കാലാവസ്ഥയും മഹത്തായ ചരിത്രസ്ഥലങ്ങളും ഉപയോഗപ്പെടുത്തിയാൽ ടൂറിസം രംഗത്ത് സൗദിക്ക് അനന്തസാധ്യതകളുണ്ട്. മഞ്ഞുവീഴുന്ന പർവതങ്ങളും ഓരോ സമയത്തും മാറിക്കൊണ്ടിരിക്കുന്ന മറുക്കാടുകളും മനോഹരമായ കടൽതീരങ്ങളുമെല്ലാം വിനോദസഞ്ചാരികൾക്കായി ഉപയോഗപ്പെടുത്താൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ നേതൃത്വത്തിൽ പുതിയ നയങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നു. വിസ നടപടികൾ ഉദാരമാക്കുകയും നിയമങ്ങൾ കൂടുതൽ വഴക്കമുള്ളതാക്കുകയും ചെയ്തു.