പത്തനംതിട്ട : സായംപ്രഭ വയോജന കലാമേള 2024 ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ആരോഗ്യവും മാനസിക ഉല്ലാസവും സംരക്ഷിച്ചു നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് സായംപ്രഭ. അങ്കണവാടികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സായംപ്രഭ വയോജന ക്ലബ്ബ്കളില്‍ അംഗമായ മുതിര്‍ന്ന പൗരന്മാരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവസരം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് കലാമേള സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ എണ്‍പതിലധികം വയോജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍ അനീഷ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം. പി. തോമസ്, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആതിര ജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലു പുന്നയ്ക്കാട്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ബാരി, ശിശു വികസന പദ്ധതി ഓഫീസര്‍ വി. താരാ തുടങ്ങിയവര്‍ പങ്കെടുത്തു.