തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് തൃപ്തികരമെന്ന് എന്‍എസ്‌എസ്. ശബരിമലയിലെ പ്രസ്താവനയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് എന്‍എസ്‌എസ്. ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടിയെ എന്‍എസ്‌എസ് സ്വാഗതം ചെയ്തു. ബില്ല് കൊണ്ടുവരാനുള്ള പ്രതിപക്ഷ നേതാക്കളുടെ ശ്രമങ്ങളെ പരാമര്‍ശിച്ചാണ് വിശദീകരണം.
വിശ്വാസ സംരക്ഷണത്തിനായി സ്വീകരിച്ച നിലപാട് യുഡിഎഫ് വ്യക്തമാക്കിയതില്‍ സന്തോഷം. എന്‍എസ്‌എസ് നിലപാട് ദുര്‍വ്യാഖ്യാനം ചെയ്യാന്‍ അനുവദിക്കില്ല. എന്‍എസ്‌എസിന്റെ ശബരിമല നിലപാടില്‍ രാഷ്ട്രീയം ഇല്ലെന്നും നേതൃത്വം വ്യക്തമാക്കി.ശബരിമല വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള സുകുമാരന്‍ നായരുടെ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഭക്തരുടെ ആവശ്യം പരിഗണിച്ചുള്ള നിയമനിര്‍മാണത്തിലേക്ക് മൂന്ന് മുന്നണികളും എത്തിയില്ലെന്നാണ് വാര്‍ത്താക്കുറിപ്പില്‍ എന്‍എസ്‌എസ് ജന. സെക്രട്ടറി വിമര്‍ശിക്കുന്നത്.
എന്‍എസ്‌എസിന്റെ നിലപാടിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. നിലപാട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പലരും ശ്രമിക്കുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിഷയത്തില്‍ മൂന്ന് മുന്നണികളും വിശദീകരണം നല്‍കിയിരുന്നു. ഇതില്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ വിശദീകരിച്ച് രമേശ് ചെന്നിത്തല നല്‍കിയ വിശദീകരണത്തില്‍ സന്തോഷമുണ്ടെന്നാണ് എന്‍എസ്‌എസ് ഇപ്പോള്‍ പ്രതികരിക്കുന്നത്.