പത്തനംതിട്ട: എസ്.ബി.ഐ മേപ്രാൽ ബാങ്ക് മാനേജരും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് മാന്നാര്‍ മാനേജരും ചേർന്ന് 19,40,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ വിധി. മേപ്രാൽ മാനൻകേരിൽ വീട്ടിൽ ജസ്‌വിൻ തോമസ് ഫയൽ ചെയ്‌ത ഹർജിയിലാണ് വിധി. ജസ്‌വിൻ തോമസ് എസ്.ബി.ഐ തിരുവല്ല മേപ്രാൽ ബ്രാഞ്ചിൽ നിന്നും 25 ലക്ഷം രൂപയൂടെ ഹൗസിങ് ലോൺ എടുത്ത് വീട് വെച്ചിരുന്നു. ബാങ്ക് നിർബന്ധമായി വീട് ഇൻഷ്വർ ചെയ്തിരുന്നതുമാണ്. 24,938 രൂപ ഇൻഷ്വറൻസ് പ്രീമിയം തുകയായി ബാങ്കിൽ അടച്ചിരുന്നു. എന്നാൽ ഏത് കമ്പനിയുടെ ഇൻഷ്വറൻസ് പോളിസി ആണ് എടുപ്പിച്ചിരുന്നത് എന്ന് ബാങ്ക് മാനേജർ ജസ് വിനോടു പറഞ്ഞിരുന്നില്ല.
24.07.2014 മുതൽ 23.07.2019 വരെ വീടിന് ഇൻഷ്വറൻസ് കവറേജ് ഉളളതാണ്. എന്നാൽ 2018 -ലെ പ്രളയത്തില്‍ പരാതിക്കാരന്റെ വീട് പൂർണ്ണമായി തകരുകയും വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാവുകയും ചെയ്‌തിരുന്നു. ലോൺ നൽകിയ ബാങ്ക് തന്നെയാണ് ഹർജി കക്ഷിയെ കൊണ്ട് ഇൻഷ്വറൻസ് എടുപ്പിച്ചത്. അക്കാരണത്താൽ വെള്ളപ്പൊക്കത്തിൽ ഉണ്ടായ നഷ്ടവും മറ്റും ഹർജികക്ഷി ബാങ്കിൽ രേഖാമൂലം സമർപ്പിച്ചിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഇൻഷ്വറൻസ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതിരുന്നതിനെ തുടർന്ന് ഹർജികക്ഷി നടത്തിയ അന്വേ ഷണത്തിൽ വീട് ഇൻഷൻ ചെയ്‌തത് എസ്.ബി.ഐ ലൈഫിൽ ആണെന്ന് ബാങ്ക് മാനേജർ പറയുകയും തുടർ നടപടികൾ ഒന്നും തന്നെ സ്വീകരിക്കാതിരിക്കുകയാണ് ചെയ്‌തത്. ഇത് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്.
എന്നാല്‍ പിന്നീടുള്ള അന്വേഷണത്തിൽ പരാതിക്കാരന്റെ വീട് ഇൻഷ്വർ ചെയ്‌തത് യൂണൈറ്റഡ് ഇൻഡ്യാ ഇൻഷ്വറൻസ് കമ്പനിയുടെ മാന്നാർ ബ്രാഞ്ചിൽ ആണെന്ന് മനസ്സിലായി. അതിനാല്‍ ഒരു വർഷത്തിന് ശേഷമാണ് ഇൻഷ്വറൻസ് കമ്പനിയിൽ ക്ലെയിം നൽകാൻ കഴിഞ്ഞത്. ഇത് വളരെ വൈകിയാണ് സമർപ്പിച്ചത് എന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചു. ഇതിനെതിരെയാണ് ഹർജികക്ഷി കമ്മിഷനിൽ ഹർജി നല്‍കിയത്. പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും എല്ലാ കക്ഷികളും കോടതിയിൽ ഹാജരാകുകകയും അവരുടെ വിശദീകരണം നൽകുകയും ചെയ്‌തു. തുടർന്ന് കമ്മീഷൻ നടത്തിയ വിസ്താരത്തിന്റെയും തെളിവുകളുടേയും അടിസ്ഥാനത്തിൽ എതിർകക്ഷികൾ എല്ലാവരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയാണ് ചെയ്തത്. വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അന്വേഷിക്കാൻ 4 വർഷം കഴിഞ്ഞാണ് ഇൻഷ്വറൻസ് കമ്പനി സർവ്വേയറെ വിട്ടത്. ഇത് അന്യായമായ വ്യാപാരതന്ത്രമാണെന്നും കമ്മീഷൻ വിലയിരുത്തി.
തെളിവുകളുടേയും വിസ്‌താരത്തിന്റെയും അടിസ്ഥാനത്തിൽ ഹർജികക്ഷിയുടെ അന്യായം ശരിയാണെന്ന് കമ്മീഷന് ബോധ്യപ്പെടുകയും 18,95,000 രൂപ യുണെറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയും എസ്.ബി.ഐ ബാങ്ക് 25000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചിലവും ചേർന്ന് 19.40,000 രൂപ ഹർജികക്ഷിക്ക് കൊടുക്കാൻ കമ്മീഷൻ ഉത്തരവിടുകയാണ് ചെയ്തത്. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്. ഉത്തരവിന്റെ പിറ്റേദിവസം തന്നെ ബാങ്കിനെതിരേയുള്ള വിധിയുടെ തുകയായ 40,000 രൂപ ഹർജികക്ഷിക്ക് നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.