തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സർക്കാർ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാരിന്റെ ആവശ്യം പരിഗണിക്കുക. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ഫെബ്രുവരി 16-നകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതായ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സർക്കാർ പറയുന്നു.
സർക്കാർ നിലപാടിനെ എതിർത്ത് ദിലീപ് സുപ്രീംകോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചിട്ടുണ്ട്. തനിക്കെതിരെ നടക്കുന്നത് മുൻ വിധിയോടെയുള്ള അന്വേഷണമാണെന്ന് ദിലീപിന്റെ സത്യവാങ്മൂലം ആരോപിക്കുന്നു. ബാലചന്ദ്രകുമാർ പോലീസ് സ്യഷ്ടിച്ച സാക്ഷിയാണ്. ഇയാൾ പറയുന്നത് എല്ലാം കളവാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.