ന്യൂഡൽഹി: രാജ്യതലസ്‌ഥാനത്ത് റെയിൽവേ സ്റ്റേഷനിൽ സമീപകാലത്ത് തിക്കിലും തിരക്കിലും പെട്ട് 200-ലധികം പേർ മരിച്ചെന്ന് അവകാശപ്പെട്ട്, ക്രൗഡ് മാനേജ്‌മെൻ്റ് സംബന്ധിച്ച് അധികാരികൾക്ക് നിർദ്ദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചത് “200 പേർ മരിച്ചു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ?”എന്നാണ്. റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും ആളുകൾ പെട്ടതിൻ്റെ നിരവധി വീഡിയോകൾ എക്‌സിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അവിടെയുണ്ടായിരുന്ന സാക്ഷികൾക്ക് റെയിൽവേ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ അവകാശപ്പെട്ടു. ആ വ്യക്തികൾക്ക് കോടതിയെ സമീപിക്കാമെന്നും ബെഞ്ച് പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ അവഗണന കാണിക്കുകയാണെന്ന് ഹർജിക്കാരൻ വിശ്വസിക്കുന്നുണ്ടോയെന്ന് ബെഞ്ച് ചോദിച്ചു.
ദേശീയ ദുരന്ത നിവാരണ നിയമവും ക്രൗഡ് മാനേജ്‌മെൻ്റിന് പ്രസക്തമായ നിയമങ്ങളും കൃത്യമായി നടപ്പാക്കുന്നതിന് വേണ്ടിയാണ് ഹർജി സമർപ്പിച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു. ഹർജി തള്ളിയ ബെഞ്ച്, ഹർജിക്കാരന് പരാതിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്ന് പറഞ്ഞു. ഹർജിയിൽ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കക്ഷി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.