ദില്ലി : മഹാരാഷ്ട്രയിൽ പന്ത്രണ്ട് എംഎൽഎമാരെ ഒരു വർഷത്തേക്ക് നിയമസഭ സസ്പെൻഡ് ചെയ്ത നടപടി സുപ്രീംകോടതി റദ്ദാക്കി. സ്പീക്കറെ കൈയ്യേറ്റം ചെയ്തെന്നാരോപിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടിയാണ് റദ്ദാക്കിയത്. ഒരു വർഷത്തേക്ക് എംഎൽഎമാരെ സസ്പെൻഡ് ചെയ്യാൻ നിയമസഭയ്ക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
പരമാവധി ഒരു സമ്മേളന കാലത്തേക്ക് സസ്പെൻഡ് ചെയ്യാം. മഹാരാഷ്ട്ര നിയമസഭയുടെ നടപടി ഭരണഘടനാ വിരുദ്ധവും ദുരുദ്ദേശപരവുമെന്നും കോടതി വിമർശിച്ചു. സസ്പെൻഷനെതിരെ ശിവസേന നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിഷേധം തുടരുകയായിരുന്ന ബിജെപിക്ക് കോടതി ഉത്തരവ് നേട്ടമായി.