ന്യൂഡല്‍ഹി : ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല മേഖല (ബഫര്‍ സോണ്‍ /ഇഎസ്‍സെഡ്) നിര്‍ദേശിച്ചുകൊണ്ടുള്ള വിധി ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചെന്നും ഇതില്‍ പുനഃപരിശോധന വേണമെന്നും ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വയനാട് ജില്ലയിലും കുമളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി എന്നിവിടങ്ങളിലും ജീവിക്കുന്നവര്‍ വലിയ അരക്ഷിതാവസ്ഥയിലാണെന്നു ഹര്‍ജിയില്‍ പറയുന്നു. വിധിയുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും കേരളത്തില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും ബഫര്‍ സോണ്‍ വേണമെന്നാണു ജൂണ്‍ മൂന്നിനു നല്‍കിയ ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇതിനെതിരായ ആദ്യ പുനഃപരിശോധനാ ഹര്‍ജിയാണു കേരളത്തിന്റേത്. ചീഫ് സെക്രട്ടറിയുടെ ഹര്‍ജി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ ആണു ഫയല്‍ ചെയ്തത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും കേരളം ആവശ്യപ്പെടും.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ സ്ഥലപരിമിതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുമാനദണ്ഡം ശരിയാകില്ല. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതയും സ്വഭാവവും പരിഗണിച്ചു ബഫര്‍ സോണ്‍ നിശ്ചയിക്കണം. ജനനിബിഡ മേഖലകള്‍ പൂര്‍ണമായി ഒഴിവാക്കണം. സര്‍ക്കാരിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയില്ല. മംഗളവനം പക്ഷിസങ്കേതത്തിന്റെ 200 മീറ്റര്‍ മാത്രം അകലെയുള്ള കേരള ഹൈക്കോടതിയെ ഉള്‍പ്പെടെ തീരുമാനം ബാധിക്കുമെന്നും ഹര്‍ജിയിലുണ്ട്.