ന്യൂഡല്‍ഹി : മാലേഗാവ് സ്ഫോടനകേസിലെ കുറ്റാരോപിതനായ ലഫ്. കേണല്‍ പ്രസാദ് പുരോഹിതിന്റെ ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ബോംബെ ഹൈകോടതിയോട് ആവശ്യപ്പെട്ടു. തന്നെ വിചാരണചെയ്യാന്‍ സര്‍ക്കാര്‍ നല്കിയ അനുമതി നിയമപരമല്ലെന്ന് അവകാശപ്പെട്ട് പുരോഹിത് ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ വൈകാതെ തീര്‍പ്പുണ്ടാക്കാനാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രംനാഥ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചത്. സര്‍ക്കാറിന്റെ അനുമതി റദ്ദാക്കണമെന്ന ആവശ്യം 2017ല്‍ ഹൈകോടതി നിഷേധിച്ചിരുന്നു.
നേരത്തേ, കേസില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പ്രത്യേക എന്‍.ഐ.എ കോടതിയും തള്ളി. കേസിനാധാരമായ സംഭവം നടക്കുന്ന വേളയില്‍ പുരോഹിത് സൈനിക ഉദ്യോഗസ്ഥന് ആയിരുന്നതിനാല്‍ വിചാരണക്ക് മുന്‍കൂര്‍ അനുമതി വേണം. 2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന സ്ഫോടനത്തില്‍ ആറു പേര് കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ കുറ്റാരോപിതരായ ഏഴുപേരും ഇപ്പോള്‍ ജാമ്യത്തിലാണ്. ചെറിയപെരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മാലേഗാവിലെ പള്ളിക്കുസമീപം സ്ഫോടനമുണ്ടായത്.
കേസ് ഏറ്റെടുത്ത ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) സ്ഫോടനം നടന്ന് മാസത്തിനകം പ്രതികളെ പിടികൂടി. പ്രജ്ഞാസിങ് ഠാകുറാണ് ആദ്യം അറസ്റ്റിലായത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ കേണല്‍ പുരോഹിത് രൂപം നല്കിയ തീവ്ര ഹിന്ദുത്വ സംഘടന ‘അഭിനവ് ഭാരതാ’ണ് സ്ഫോടനത്തിനുപിന്നിലെന്നാണ് എ.ടി.എസ് കണ്ടെത്തല്‍. എന്നാല്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് എന്ന നിലയില്‍ സംഘടനയില്‍ നുഴഞ്ഞുകയറിയതാണെന്നായിരുന്നു പുരോഹിതിന്റെ വാദം.