കൊച്ചി : ഒരിടവേളക്ക് ശേഷം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വീണ്ടും തട്ടിപ്പിനൊരുങ്ങുന്നു. കടപ്പത്രത്തിലൂടെ കോടികള്‍ സമാഹരിക്കുവാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പോപ്പുലര്‍ ഫിനാന്‍സ് പൊളിഞ്ഞതിനുശേഷം മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും നില വളരെ പരുങ്ങലില്‍ ആയിരുന്നു. എന്നിട്ടും കടപ്പത്രങ്ങള്‍ ഇറക്കാതെ ഇവര്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ പോപ്പുലര്‍ കേസും പിന്നീട് തുടര്‍ച്ചയായി കേരളത്തില്‍ നടന്ന നിക്ഷേപതട്ടിപ്പുകളും ജനങ്ങള്‍ മറന്നുതുടങ്ങിയതോടെ കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ നിക്ഷേപം സമാഹരിക്കുവാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം പലരും കടപ്പത്രങ്ങള്‍ ഇറക്കിയിരുന്നുവെങ്കിലും വേണ്ടത്ര പ്രതികരണം നിക്ഷേപകരില്‍ നിന്നും ഉണ്ടായില്ല. ലക്ഷ്യമിട്ടതിന്റെ മൂന്നില്‍ ഒന്നുപോലും നിക്ഷേപം സമാഹരിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. എന്നിട്ടും ഇവര്‍ പരസ്യങ്ങള്‍ക്കുവേണ്ടി കോടികള്‍ ഒഴുക്കി. പ്രമുഖരെ ബ്രാന്റ് അമ്പാസിഡര്‍മാരാക്കി നിക്ഷേപകരുടെ കണ്ണ് മൂടിക്കെട്ടാനുള്ള നീക്കമാണ് നടക്കുന്നത്. സാധാരണ സ്ഥിര നിക്ഷേപത്തോട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അത്ര താല്‍പ്പര്യമില്ല. ഏതു സമയത്ത് ആവശ്യപ്പെട്ടാലും ഇത്തരം നിക്ഷേപങ്ങള്‍ മടക്കി നല്‍കണം. ഒരുകൂട്ടം നിക്ഷേപകര്‍ ഒന്നിച്ച് വന്ന് തങ്ങളുടെ നിക്ഷേപം പിന്‍വലിച്ചാല്‍ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാകും. അതുകൊണ്ടുതന്നെ കടപ്പത്രത്തിലൂടെ നിക്ഷേപം സ്വീകരിക്കുവാനാണ് ഇന്ന് എല്ലാവര്‍ക്കും താല്‍പ്പര്യം. ഇതിന് മിക്കവരും സ്വീകരിക്കുന്നത് ഈ വളഞ്ഞവഴിതന്നെയാണ്.
NCD എന്നപേരില്‍ അറിയപ്പെടുന്ന കടപ്പത്രം അല്ലെങ്കില്‍ ഡിബഞ്ചറുകള്‍ ഇറക്കി നിക്ഷേപം സ്വീകരിക്കണമെങ്കില്‍ ഇതിന് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി (NBFC) ഉണ്ടായിരിക്കണം. കേരളത്തിലെ മിക്ക സ്ഥാപനങ്ങളുടെയും സാമ്പത്തിക അടിത്തറ വളരെ മോശമായതിനാല്‍ റിസര്‍വ് ബാങ്ക് ഇപ്പോള്‍ ഇത്തരം കമ്പനികള്‍ക്ക് അനുമതി നല്‍കുന്നില്ല. ഇതിനെ മറികടക്കുവാന്‍ കേരളത്തിനു പുറത്തുള്ള ഏതെങ്കിലും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ വിലക്ക് വാങ്ങുകയാണ് ഏക മാര്‍ഗ്ഗം. തമിഴ്നാട്, കര്‍ണാടകം, വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ഇല്ലാതെ കിടക്കുന്ന നിരവധി കമ്പനികളുണ്ട്. കേരളത്തിലെ മണി മാഫിയാകള്‍ക്ക് താല്‍പ്പര്യം കേരളത്തിനു പുറത്തുള്ള NBFC കളാണ്. കേരളത്തിലെ തൃശൂരും ഇതിന്റെ പ്രധാന കേന്ദ്രമാണ്. പ്രവര്‍ത്തനം ഒന്നിമില്ലെങ്കിലും ഇവര്‍ റിട്ടേണുകള്‍ കൃത്യമായി നല്‍കി കമ്പനിയെ ജീവനോടെ നിലനിര്‍ത്തും.
ഇത്തരം കമ്പനികള്‍ വാങ്ങുവാന്‍ ധാരണയായാല്‍ ഇതിന്റെ ഷെയറുകള്‍ മുഴുവന്‍ സ്വന്തമാക്കുകയാണ് ആദ്യപടി. പിന്നീട് ജനറല്‍ ബോഡി വിളിച്ചുകൂട്ടി പുതിയ ഡയറക്ടര്‍ ബോഡിനെ തെരഞ്ഞെടുക്കും, കൂടാതെ അതെ നാട്ടില്‍തന്നെ പുതിയൊരു വിലാസവും ഇവര്‍ സ്വീകരിക്കും. ഇതോടെ കേരളത്തിനു പുറത്ത് പ്രവര്‍ത്തനം ഒന്നുമില്ലാതെ കിടന്ന NBFC കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭാഗമാകും. ഈ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയുടെ പേരില്‍ NCD ഇറക്കി കോടികള്‍ സമാഹരിക്കുകയാണ് അടുത്തപടി. NCD യിലൂടെ സ്വീകരിക്കുന്ന നിക്ഷേപം നിശ്ചിത കാലാവധി പൂര്‍ത്തിയായതിനു ശേഷം മാത്രം തിരികെ നല്‍കിയാല്‍ മതി എന്ന പ്രത്യേകതയാണ് കേരളത്തിലെ ബ്ലയിഡ് മുതലാളിമാരെ NBFC യിലേക്ക് ആകര്‍ഷിക്കുന്നത്. കാലാവധിക്ക് മുമ്പ് നിക്ഷേപം തിരികെ ആവശ്യപ്പെടുവാന്‍ NCD യിലൂടെ പണം നിക്ഷേപിച്ചവര്‍ക്ക് ഒരുകാരണവശാലും കഴിയില്ല. അതുകൊണ്ടുതന്നെ മണി മാഫിയയുടെ കാമധേനുവാണ് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി (NBFC) കള്‍.