രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ക്യൂഅർ കോഡ് തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് നിരവധി കടങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും യുപിഐ ആപ്പുകൾ വഴി പണമിടപാട് നടത്താൻ സൗകര്യം ഉള്ളതിനാൽ പലരും ഇപ്പോൾ കറൻസിക്ക് പകരം ഇത്തരം യുപിഐ ആപ്പുകളെ ആണ് ആശ്രയിക്കുന്നത്. ഈ സാഹചര്യം ചൂഷണം ചെയ്യുകയാണ് സൈബർ കുറ്റവാളികൾ. നിരവധി ആളുകൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ക്യൂഅർ കോഡ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകൾ പോലും ക്യൂആർ കോഡ് തട്ടിപ്പിന് ഇരയായ കേസും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ക്യൂആർ കോഡ് തട്ടിപ്പുകൾ നടക്കുന്നതെന്നും ഈ തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപെടാമെന്നും പരിശോധിക്കാം. നിലവിൽ ഏറ്റവും കൂടുതൽ ക്യൂആർ കോഡ് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ ഇകൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നാണ്. പ്രധാനമായും ഒഎൽഎക്സ്, ക്യൂകർ പോലുള്ള സെക്കന്റ് ഹാൻഡ് സാധനങ്ങൾ വിൽപന നടത്തുന്ന പ്ലാറ്റ് ഫോ മുകളിൽ.
വിവിധ സാധനങ്ങൾ വിൽക്കാനുണ്ടെന്ന വ്യാജേന തട്ടിപ്പുകാർ സൈറ്റുകളിൽ പരസ്യം നൽകുന്നു. ഇത് വാങ്ങാൻ താൽപര്യപ്പെടുന്ന ഉപയോക്താക്കൾ ഇവരുമായി സംസാരിച്ചതിന് ശേഷം പണമിടപാട് നടത്താനായി ഒരു ക്യൂആർ കോഡ് ഇവർക്ക് അയയ്ച്ചു നൽകുന്നു. ഇത് സ്ക്യാൻ ചെയ്യുന്നതോടെ ഉപയോക്താക്കളുടെ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ട്ടമാകും. ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലേക്ക് ആക്സസ് നൽകാൻ സാധിക്കുന്ന വൈറസുകൾ ആയിരിക്കും ഈ ക്യൂആർ കോഡുകളിൽ ഒളിഞ്ഞിരിക്കുന്നത്. ഇതുവഴിയാണ് തട്ടിപ്പിന് ഇരയായവർക്ക് പണം നഷ്ടപ്പെടുന്നത്. ചിലപ്പോൾ മാൽവെയറുകൾ നിറഞ്ഞ വെബ്സൈറ്റുകളിലേക്കും ഇത്തരം ക്യൂആർ കോഡുകൾ ഉപയോക്താക്കളെ കൂട്ടിക്കൊണ്ട് പോയേക്കാം. ഇങ്ങനെ സംഭവിച്ചാൽ ഉപയോക്താക്കളുടെ ഫോണിന്റെ നിയന്ത്രണം പൂർണമായും ഹാക്കർമാർക്ക് ലഭിക്കുന്നതായിരിക്കും. ആയതിനാൽ അജ്ഞാത ക്യൂആർ കോഡുകൾ സ്ക്യാൻ ചെയ്യുമ്പോൾ അൽപം ജാഗ്രത വേണം. അതേ സമയം എങ്ങനെയെല്ലാം ഈ ക്യൂആർ കോഡ് തട്ടിപ്പിൽ നിന്ന് രക്ഷപെടാം എന്ന കാര്യം വിശദമായി പരിശോധിക്കാം.
ക്യൂആർ കോഡ് വഴി പണമിടപാട് നടത്തുമ്പോൾ അജ്ഞാതരോട് നിങ്ങളടെ യുപിഐ ഐഡി, ഒടിപി, മറ്റ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒന്നും പങ്കുവെയ്ക്കാതെ ഇരിക്കാൻ ശ്രമിക്കണം. പണം അയ്ക്കാൻ വേണ്ടി മാത്രം ക്യൂആർ കോഡുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. പണം സ്വീകരിക്കുകയാണെങ്കിൽ പരമാവധി ക്യൂആർ കോഡുകൾ ഒഴിവാക്കാനായി ശ്രമിക്കുക. പണം സ്വീകരിക്കുന്നതിന് ക്യൂആർ കോഡ് സ്ക്യാൻ ചെയ്യും മുമ്പ് സ്വീകർത്താവിന്റെ ബാങ്കിഗ് വിവരങ്ങൾ ശേഖരിക്കണം. സ്വീകർത്താവിന്റെ പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവയാണ് പരിശോധിച്ച് ഉറപ്പിക്കേണ്ടത്. പൊതുസ്ഥലങ്ങളിലുള്ള ക്യൂആർ കോഡുകൾ സ്ക്യാൻ ചെയ്യാതെ ഇരിക്കുക. URL സന്ദർശിക്കുന്നതിന് മുമ്പ് പ്രിവ്യൂ അനുവദിക്കുന്ന ക്യൂആർ കോഡ് സ്ക്യാനർ ഉപയോഗിക്കാനും ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. നിരവധി ആപ്പുകൾ ഇതിനായി ലഭിക്കുന്നതായിരിക്കും. നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന സൈബർ പോലീസ് ഹെൽപ് ലൈൻ നമ്പറിൽ വിവരം അറിയിക്കുക.