മനില: ഓൺലൈൻ കാസിനോകളുടെ മറവിൽ തട്ടിപ്പ് നടത്തിയിരുന്ന കേന്ദ്രങ്ങൾക്ക് വിലക്കുമായി ഫിലിപ്പീൻസ്. പോഗോസ് എന്നപേരിൽ അറിയപ്പെട്ടിരുന്ന ഓൺലൈൻ കാസിനോകൾക്കാണ് പൂട്ട് വീഴുന്നത്. ഇത്തരം കാസിനോകളിൽ വലിയ രീതിയിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ നടക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടിയെന്നാണ് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർകോസ് ജൂനിയർ വിശദമാക്കുന്നത്. ചൈനയിൽ നിന്നുള്ളവരാണ് ഇത്തരം കാസിനോകളിൽ എത്തുന്നവരിൽ ഏറിയ പങ്കുമെന്നാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ ഇത്തരം കാസിനോകളുടെ മറവിൽ മനുഷ്യക്കടത്തും ടെലിഫോൺ
സ്കാമുകളും നടക്കുന്നതായി അടുത്തിടെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ചൈനയുമായി സൌഹാർദ്ദ നിലപാട് പുലർത്തിയിരുന്ന ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെർടിന്റെ കാലത്താണ് ഇത്തരം കാസിനോകൾ ഏറെ സജീവമായത്. രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിന് അന്ത്യമുണ്ടാകണമെന്ന് വിശദമാക്കിയാണ് തിങ്കളാഴ്ച തീരുമാനം ഫിലിപ്പീൻസ് പ്രസിഡന്റ് വിശദമാക്കിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, വ്യഭിചാരം, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ട് പോകൽ, അക്രമം, കൊലപാതകം എന്നിവ അടക്കം ഇത്തരം കാസിനോകളുടെ പശ്ചാത്തലത്തിൽ നടക്കുന്നതായാണ് പാർലമെന്റിന്റെ വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് വിശദമാക്കിയത്.