കോന്നി : കിണറിലെ വെള്ളം ഉപയോഗിക്കാൻ ഭൂവുടമ സമ്മതിക്കുന്നില്ലെന്ന് കാണിച്ച് പട്ടികജാതി വിഭാഗത്തിൽ പെട്ട കുടുംബങ്ങൾ പരാതി ജില്ലാ കളക്ടർക്ക് അടക്കം പരാതി നൽകി. കോന്നി ഗ്രാമ പഞ്ചായത്തിൽ വട്ടമൺ രമ്യാ ഭവൻ രമണി, ബ്ളാത്തേത് പുതുവേലിൽ രമ്യ എസ്, സൗമ്യാലയം ഉഷ എന്നിവരാണ് പരാതി നൽകിയത്. ഈ മൂന്ന് കുടുംബങ്ങളും താമസിക്കുന്നതിന് സമീപമുള്ള ലക്ഷ്മി വിലാസം സന്തോഷ് കുമാർ എന്നയാളുടെ ഭൂമി കോന്നിയിലെ സ്വകാര്യ ഓഡിറ്റോറിയം ഉടമയായ ശബരി ശശിധരൻ നായർ എന്നയാൾക്ക് വിറ്റിരുന്നു. ഈ കിണറ്റിലെ വെള്ളം ഈ കുടുംബങ്ങൾക്ക് തുടർന്നും ഉപയോഗിക്കാൻ നൽകണം എന്ന സന്തോഷ് കുമാറിന്റെ വ്യവസ്ഥ ശശിധരൻ നായർ അംഗീകരിച്ചിരുന്നു.
പതിനഞ്ച് വർഷത്തിലേറേയായി ശശിധരൻ നായർ ഈ വസ്തു വാങ്ങിയിട്ട്. മൂന്ന് കുടുംബങ്ങളും ഈ കിണറിൽ മോട്ടോർ സ്ഥാപിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഈ കിണറ്റിലെ വെള്ളം കുടുംബങ്ങൾ ഉപയോഗിക്കരുത് എന്നാണ് ഇപ്പോൾ ഭൂ ഉടമ പറയുന്നത്. വെള്ളം ഉപയോഗിച്ചാൽ സ്ഥാപിച്ചിരിക്കുന്ന മോട്ടോർ അടക്കം എടുത്ത് കളയുമെന്ന് ഭീഷണിപെടുത്തിയതായും കുടുംബങ്ങൾ പറയുന്നു. കൂടാതെ കിണറിന് സമീപത്തേക്കുള്ള വഴി ഭൂ ഉടമ വേലി കെട്ടി അടക്കുകയും ചെയ്തു. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന അവസ്ഥയിൽ ആണ് മൂന്ന് കുടുംബങ്ങളും. വിഷയത്തിൽ നീതി തേടി പത്തനംതിട്ട ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി നൽകിയിരിക്കുകയാണ് കുടുംബങ്ങൾ.