പത്തനംതിട്ട : സുധാമണി തട്ടുകടയുടെ വരുമാന മാര്‍ഗത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നയാളാണ്. മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സുധാമണി തട്ടുകട നടത്തിവരുന്നത്. സമീപത്ത് താമസിക്കുന്ന വ്യക്തി ഇവരുടെ തട്ടുകട ഇവിടെ നിന്നും നീക്കണമെന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്റെ പരാതി പരിഹാര അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയപ്പോള്‍ സുധാമണിയുടെ ജീവിതമാര്‍ഗം ഇല്ലാതാക്കി കളയണ്ട എന്ന തീരുമാനം ചെയര്‍മാന്‍ ബി.എസ്. മാവോജി അടങ്ങിയ ബെഞ്ച് കൈകൊണ്ടു.
കമ്മീഷന്‍ തീരുമാനം സുധാമണിക്ക് വളരെ ആശ്വാസമായി. മെഴുവേലി ഗ്രാമപഞ്ചായത്തും അനുഭാവപൂര്‍വമായ തീരുമാനമായിരുന്നു ഈ വിഷയത്തില്‍ സ്വീകരിച്ചത്. സുധാമണിയും ഭര്‍ത്താവും രോഗികളാണ്. അതുകൊണ്ടു തന്നെ മറ്റൊരു ഉപജീവന മാര്‍ഗം കണ്ടുപിടിക്കുക എന്നുള്ളത് ഇവരെ സംബന്ധിച്ച് വളരെ പ്രയാസകരമായിരുന്നു. റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ നിന്നും ചേത്തയ്ക്കല്‍ വെമ്പലപ്പറമ്പില്‍ വീട്ടില്‍ വി.ആര്‍. മോഹനന്‍ ഉള്‍പ്പെടെ എട്ടുപേര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന 50 വര്‍ഷം പഴക്കമുള്ള പഞ്ചായത്ത് കിണര്‍ ചില വ്യക്തികള്‍ ഇടിച്ച് തകര്‍ത്ത് മൂടിക്കളഞ്ഞതുമായി ബന്ധപ്പെട്ടാണ് അദാലത്തിലെത്തിയത്.
പഞ്ചായത്ത് നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് താമസിക്കുന്ന എസ്‌സി, എസ്ടി കുടുംബാംഗങ്ങളില്‍ ഉള്‍പ്പെട്ടവരാണിവര്‍. എല്ലാവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കുവാന്‍ അവകാശമുണ്ടെന്നും ഈ സംഭവം ഏറെ ഖേദകരമാണെന്നും വിഷയം പരിഗണിച്ച ചെയര്‍മാന്‍ ബി.എസ്. മാവോജി പറഞ്ഞു. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം വിലയിരുത്തി.