റാന്നി : കേരള സർക്കാരിൻ്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ വികസന വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള റാന്നി ബി.ആർ സിയും സംയുക്തമായി ആദിവാസി ഉന്നതികളിൽ പഠനം മുടക്കിയ കഴിയുന്ന കുട്ടികളെ കണ്ടെത്താൻ പ്രത്യേക സന്ദർശനം നടത്തി. “സാറേ എനിക്ക് ഉടുപ്പും പാൻ്റുമില്ല. ഞാൻ സ്കൂളിൽ വരുന്നില്ല” എന്ന് പറഞ്ഞ കുട്ടിയെ “സാരമില്ല മോനേ ഞാൻ ഡ്രസ്സ് വാങ്ങിത്തരാം “എന്ന് സ്നേഹത്തോടെ ചേർത്ത് നിർത്തി മറുപടി പറഞ്ഞ ടി.ഡി.ഒ നജിം സാറിനോട് മറുത്ത് ഒന്നും പറയാനില്ലായിരുന്നു. കുട്ടി മിടുക്കനായി കൂടെ പോന്നു.
ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസർ എസ്.എ. നജീം, റാന്നി ബി.പി.സി ഷാജി എ. സലാം എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.
ഒരു വർഷമായി വിദ്യാലയത്തിൽ പോകാത്ത ഒരു കുട്ടിയേയും സ്കൂൾ തുറന്ന് ഇന്നേവരെ സ്കൂളിൽ പോകാത്ത 13 കുട്ടികളേയും കണ്ടെത്തി എം.ആർ.എസ്സിൽ എത്തിച്ചു. രക്ഷിതാക്കളുടെ താത്പര്യക്കുറവും കുട്ടികളുടെ താത്പര്യക്കുറവും കുട്ടികളെ വിദ്യാലയങ്ങളിൽ നിന്നകറ്റുന്നു. ആദ്യ ഘട്ട സന്ദർശനം മഞ്ഞത്തോട് പ്ലാപ്പള്ളി ഉന്നതികളിൽ ആയിരുന്നു. ഹോസ്റ്റലിൽ എത്തിയ കുട്ടികൾക്ക് കൗൺസിലിംഗും പ്രത്യേക പoന പിന്തുണാ പരിപാടികളും സംഘടിപ്പിക്കും. ഉന്നതികളിലും പട്ടികവർഗ വികസന വകുപ്പും റാന്നി ബി.ആർ സിയും വനം വകുപ്പും സംയുക്തമായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ട്രൈബൽ എക്റ്റൻഷൻ ഓഫിസർ വി. ഗോപകുമാർ, മഹിള സമഖ്യ വോളണ്ടിയർ രജനി എന്നിവരും സംഘാംഗങ്ങളായി. കുട്ടികൾ ടി.ഡി.ഒ വാങ്ങി നൽകിയ പുതുവസ്ത്രങ്ങളണിഞ്ഞാണ് വിദ്യാലയത്തിലെത്തിയത്. പരിപാടിയുടെ ഭാഗമായി മഞ്ഞത്തോട് അങ്കണവാടിയിൽ വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗം കൂടി ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു.
യോഗത്തിൽ രാജാംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബിജു തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബി മോൾ, അട്ടത്തോട് ട്രൈബൽ ഗവൺമെൻറ് എൽ പി സ്കൂൾ അധ്യാപകൻ കെ.എം സുബീഷ്, ഐ സി ഡി എസ് സൂപ്പർവൈസർ യു.അർച്ചന, അംഗൻവാടി വർക്കർ സുലൈഖ ബീവി തുടങ്ങിയവരും പങ്കെടുത്തു.