പന്തളം : 2024-25 സാമ്പത്തിക വർഷം സംസ്ഥാനത്തെ പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തമായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ നടക്കവെ പശുഫാമുകൾക്ക് ധനസഹായം നൽകാൻ ആവിഷ്കരിച്ച പദ്ധതി തുടങ്ങും മുമ്പേ ഉപേക്ഷിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ചതോടെയാണ് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നത്. ഫാം എയ്ഡ് സ്കീം എന്ന പേരിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 45 പശുഫാമുകളിലെ സൗകര്യങ്ങൾ കൂട്ടാനും യന്ത്രവത്കരണത്തിനും പണം അനുവദിക്കുന്നതായിരുന്നു പദ്ധതി. ഓരോ ഫാമിനും ഒരു ലക്ഷത്തോളം രൂപയാണ് പദ്ധതിപ്രകാരം നൽകുന്നത്. മൃഗസംരക്ഷണ വകുപ്പ് ആവിഷ്കരിച്ച പുതിയ പദ്ധതിയിലേക്ക് ഫാം നടത്തിപ്പുകാരിൽനിന്ന് അപേക്ഷ സ്വീകരിച്ചിരുന്നു. പല ജില്ലയിലും ഫാമുകളുടെ തെരഞ്ഞെടുപ്പും പൂർത്തിയായി. തുടർന്ന് ധനസഹായം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി കാരണം പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ചത്. ഇതോടെ പദ്ധതി ഉപേക്ഷിക്കേണ്ട സ്ഥിതിയെത്തി.
അടുത്ത സാമ്പത്തിക വർഷം ഉറപ്പായും പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പത്തനംതിട്ട ജില്ല ക്ഷീരസംഗമത്തിൽ സമാപന പ്രസംഗത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. 2024-25 സാമ്പത്തികവർഷം ‘സ്വയംപര്യാപ്ത ക്ഷീരകേരളം’ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കറവപ്പശുക്കളുടെ എണ്ണം കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്ത് പശുക്കളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കന്നുകാലികൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞവർഷം പ്രഖ്യാപിച്ച ധനസഹായംപോലും കർഷകർക്ക് ലഭിച്ചിട്ടില്ല.