ചെങ്ങന്നൂർ : ശബരിമല തീർഥാടകർക്കായി ചെങ്ങന്നൂരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കണമെന്ന് അഖില ഭാരത അയ്യപ്പസേവാസംഘം ചെങ്ങന്നൂർ താലൂക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്ര മാതൃകയിൽ 300 കോടി രൂപ ചെലവിൽ റെയിൽവേ സ്റ്റേഷൻ പുനർ നിർമിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. 2018-ൽ പണിയാരംഭിച്ച ഇടത്താവളത്തിന്റെ കെട്ടിടനിർമാണം ഏഴുവർഷം കഴിഞ്ഞിട്ടും പൂർത്തീകരിച്ചിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, ബസ് സ്റ്റേഷൻ നിർമാണം വരുന്ന മണ്ഡലകാലത്തിനു മുൻപ് പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സമരം നടത്താൻ യോഗം തീരുമാനിച്ചു.
കേരള സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ രക്ഷാധികാരിയായി തിരഞ്ഞെടുത്ത അഖിലഭാരത അയ്യപ്പസേവാസംഘം താലൂക്ക് പ്രസിഡന്റ് എൻ. സദാശിവൻനായർക്ക് യോഗത്തിൽ സ്വീകരണം നൽകി. അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ.ഡി. വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ഷാജി വേഴപ്പറമ്പിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കല്ലൂത്ര, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം അഡ്വ. കെ. സന്തോഷ് കുമാർ, സോമൻ പ്ലാപ്പള്ളി, രാമചന്ദ്രകൈമൾ, രാജേഷ് വെച്ചൂരേത്ത്, ഗിരിജിത്ത് പാറക്കൽ, ടി.സി. ഉണ്ണിക്കൃഷ്ണൻ, ഉത്തമൻ ആറന്മുള, ഹരി കിം കോട്ടേജ് എന്നിവർ പ്രസംഗിച്ചു.