പത്തനംതിട്ട : കോവിഡിൻ്റെയും ലോക്ക്ഡൗണിൻ്റെ സാഹചര്യത്തിനിടയിലും വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും ചൂഷണം ചെയ്ത് മാനേജ്മെൻ്റ് സ്കുളുകൾ.
കോവിഡും ലോക്ക്ഡൗണും കാരണം വിദ്യാർത്ഥികളുടെ പഠനം പൂർണ്ണമായും ഓൺലൈനായ സാഹചര്യത്തിലാണ് പല മാനേജ്മെൻ്റ് സ്കുളുകളും അമിതമായ ഫീസ് ഈടാക്കാനുള്ള ശ്രമം നടത്തുന്നത്. സ്പെഷ്യൽ ഫീസ് ഉൾപ്പെടെയുള്ള അമിത ഭാരമാണ് രക്ഷകർത്താക്കളുടെ ചുമലിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
ഇപ്പോൾ സെൻ്റ് മേരീസ് ഗ്രൂപ്പിൻ്റെ പത്തനാപുരത്തെ സ്കൂളിനെതിരെ വ്യാപക പരാതിയുമായി രക്ഷിതാക്കൾ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. കോവിഡ് കാലത്ത് പൂർണ്ണമായും പഠനം ഓൺലൈനായ സാഹചര്യത്തിൽ അമിതമായ ഫീസ് ഈടാക്കാൻ ശ്രമിക്കുകയും ഇതിനെതിരെ ശബ്ദിച്ച രക്ഷിതാക്കളുടെ കുട്ടികളെ ഫീസ് തരാൻ പറ്റില്ലെങ്കിൽ സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായിട്ടുള്ള പരാതിയുമായി രക്ഷിതാക്കൾ രംഗത്ത് എത്തി. ഇതിനെതിരെ രക്ഷിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ്, ബാലാവകാശ കമ്മീഷൻ, പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാർ എന്നിവർക്ക് പരാതി നൽകി കഴിഞ്ഞു.
സംഭവത്തിൻ്റെ നിജസ്ഥിതി മനസ്സിലാക്കി പത്തനാപുരം എം എൽ എ കെ.ബി ഗണേഷ് കുമാർ ഇടപെട്ട് സ്കൂളിന് താക്കീത് നൽകിയിട്ടും നിർബ്ബന്ധിതമായി സ്പെഷ്യൽ ഫീസ് വാങ്ങാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് രക്ഷിതാക്കൾ പറഞ്ഞു. സ്കുളിനെതിരെ അടുത്ത ദിവസം മുതൽ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് രക്ഷകർത്താക്കളുടെ തീരുമാനം.