തിരുവനന്തപുരം: സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരിക്കുന്നതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. 10, 12 ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ ഒരു ക്ലാസിൽ 20 കുട്ടികളെ വരെ ഇരുത്താം. ഒരു ബെഞ്ചിൽ ഒരുകുട്ടി എന്നായിരുന്നതിനാൽ പത്തുകുട്ടികളെ വീതം ഓരോ വിഷയത്തിനും കൂടുതൽ ക്ലാസെടുക്കുകയായിരുന്നു അധ്യാപകർ. സ്കൂൾ പ്രവർത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങൾ അവലോകനം ചെയ്താണു പുതിയ മാർഗനിർദേശം പുറത്തിറക്കിയിട്ടുള്ളത്.
പുതിയ ഉത്തരവനുസരിച്ച് കോവിഡ് സാഹചര്യത്തിൽ തീർത്തും വരാൻപറ്റാതെ വർക് ഫ്രം ഹോം ആയ അധ്യാപകരൊഴികെ മുഴുവൻ പേരും സ്കൂളിലെത്തണം. എത്താത്തവർക്കെതിരെ കർശന നടപടി ഉണ്ടാകും. ശനിയാഴ്ച പ്രവൃത്തിദിനമായി സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകളിലും ഇതു പ്രാവർത്തികമാക്കണം. 10, 12 ക്ലാസുകളിൽ സംശയനിവാരണം, ഡിജിറ്റൽ ക്ലാസുകളുടെ തുടർപ്രവർത്തനം, മാതൃകാപരീക്ഷ നടത്തൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഒന്നാം തീയതി മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സ്കൂളുകൾ തുറന്നത്.