ന്യൂഡല്‍ഹി : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സുരക്ഷ. കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ രേഖ പുറത്തിറക്കി. രാജ്യത്തെ സ്‌കൂളുകള്‍ കൂടുതല്‍ സുരക്ഷിതമാകുന്നു. സ്‌കൂളുകള്‍ കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കാനും സുരക്ഷ ഉറപ്പുവരുത്താനും കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ രേഖ പുറത്തിറക്കി. മാര്‍ഗരേഖപ്രകാരം കുട്ടികളുടെ സുരക്ഷയില്‍ വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ 5 ശതമാനം പിഴ മുതല്‍ അംഗീകാരം റദ്ദാക്കല്‍ വരെയുള്ള നടപടികള്‍ നേരിടണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഗുരുഗ്രാം റയന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ശുചിമുറിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കുമായി സുരക്ഷാ മാര്‍ഗരേഖ തയ്യാറാക്കിയത്.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുക, വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളിലെ നിലവാരത്തകര്‍ച്ച, അടിയന്തര ഘട്ടങ്ങളില്‍ വൈദ്യ സഹായം ലഭ്യമാക്കാതിരിക്കുക. ശാരീരികവും മാനസികവുമായ പീഡനം, വിവേചനപരമായ നടപടികള്‍, വിദ്യാര്‍ത്ഥികളുടെ പരാതികള്‍ മുഖവിലയ്‌ക്കെടുക്കാതിരിക്കുക, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ വീഴ്ച, കൊറോണ മാര്‍ഗ നിര്‍ദേശം പാലിക്കുന്നതിലെ വീഴ്ച തുടങ്ങിയ കാര്യങ്ങളില്‍ ശക്തമായ നടപടികളാണ് ഇനിമുതല്‍ ഉണ്ടാവുക.