തിരുവനന്തപുരം: അധ്യാപകര്‍ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷന്‍ എടുക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തിന് അധ്യാപകരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിക്കും. പ്രവര്‍ത്തി ദിവസങ്ങളില്‍ സ്‌കൂള്‍ ഓഫീസുകള്‍ വൈകിട്ട് അഞ്ചു മണി വരെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സാധ്യമായ ദിവസങ്ങളില്‍ ശനിയാഴ്ച ഉള്‍പ്പെടെ പ്രിന്‍സിപ്പാള്‍, അല്ലെങ്കില്‍ ചുമതലയുള്ള അധ്യാപകന്‍, സ്റ്റാഫുകള്‍ എന്നിവര്‍ ഓഫീസുകളിലുണ്ടാകണം. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. എസ്എസ്എല്‍സി ഫലം മെയ് 20നും ഹയര്‍സെക്കന്‍ഡറി ഫലം മെയ് 25നും പ്രസിദ്ധീകരിക്കും. 220 അധ്യയന ദിവസം ഉറപ്പാക്കണം. ഇതിന് വേണ്ട ക്രമീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.