റാന്നി : കുട്ടികൾക്ക് പുതിയ അനുഭവങ്ങളും അറിവുകളും പങ്കുവെച്ച് റാന്നി ഉപജില്ലയുടെ ശാസ്ത്രരംഗം ശാസ്ത്ര സംഗമം ശ്രദ്ധേയമായി. എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ റാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ് ശാസ്ത്രസംഗമം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി. ജെ. ഷിജിത അധ്യക്ഷത വഹിച്ചു. ബിപിസി ഷാജി എ. സലാം, എം എസ് ഹയർസെക്കന്ററി സ്കൂൾ പ്രഥമാധ്യാപകൻ ബിനോയി കെ. ഏബ്രഹാം, ശാസ്ത്രരംഗം ഉപജില്ല കോ-ഓർഡിനേറ്റർ എഫ്. അജിനി, വിഷയവിദഗ്ധരായ വർഗീസ് മാത്യു, ടി. പ്രമോദ്, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തീയില്ലാതെ ചിരാഗ് തെളിയിച്ചുള്ള ഉദ്ഘാടനം സദസ്സിൽ കൗതുകമുണർത്തി.
ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തി പരിചയ ക്ലബ്ബുകളുടെ സംയുക്ത കൂട്ടായ്മയായ ശാസ്ത്രരംഗമാണ് ശാസ്ത്രസംഗമം സംഘടിപ്പിച്ചത്. നാല് ക്ലബ്ബുകളിലെ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നുമായി തെരഞ്ഞെടുത്ത 200 വിദ്യാർഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്. പി.ജയലളിത (ഗണിതം), മിനിമോൾ കെ.മാത്യു (പ്രവൃർത്തിപരിചയം), വർഗീസ് മാത്യു (ശാസ്ത്രം) ടി.പ്രമോദ് കുമാർ (സാമൂഹ്യ ശാസ്ത്രം) എന്നിവർ വിവിധ ശില്പശാലകൾക്ക് നേതൃത്വം നൽകി. ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമാക്കാൻ കുട്ടികൾക്കും സ്കൂൾ ശാസ്ത്ര രംഗം കോ-ഓർഡിനേറ്റർമാർക്കും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന് എ.ഇ ഒ ബി.ജെ.ഷിജിത, ശാസ്ത്ര രംഗം ഉപജില്ല കോ-ഓർഡിനേറ്റർ എഫ്. അജിനി എന്നിവർ പറഞ്ഞു.