തിരുവനന്തപുരം : ഡി.വൈ.എഫ് .ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്റെ സഹോദരി ഷീജയടക്കം സ്കോൾ കേരളയിലെ സി.പി.എം അനുകൂലികളായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തുള്ള ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയൻ മടക്കി. ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
സീനിയോരിറ്റിയും മാനദണ്ഡങ്ങളും മറികടന്ന് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഒരു ചാനലാണ് പുറത്തുകൊണ്ടുവന്നത് . റഹീമിന്റെ സഹോദരിയടക്കം സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമാണ് നിയമനം നൽകിയത് . യു.ഡി.എഫിന്റെ കാലത്ത് നിയമിതരായ 28 പേർക്ക് സ്ഥിരനിയമനം നൽകിയിരുന്നില്ല.
10 വർഷം തുടർച്ചയായി ജോലി ചെയ്തവരെയും മറ്റ് ജോലികൾക്ക് പോകാൻ സാധിക്കാത്തവരെയുമാണ് സ്ഥിരപ്പെടുത്തിയതെന്നായിരുന്നു ബന്ധുനിയമനം വിവാദമായ വേളയിൽ ഡി.വൈ.എഫ് .ഐ നൽകിയ വിശദീകരണം. എന്നാൽ ഷീജ ഉൾപ്പെടെയുള്ളവർക്ക് തുടർച്ചയായി 10 വർഷം സർവീസില്ല. നിയമിക്കപ്പെട്ട ആർക്കും 10 വർഷം തുടർച്ചയായി സർവീസില്ല. 2008ൽ ജോലിയിൽ പ്രവേശിച്ചവരെ 2013ൽ യു.ഡി.എഫ് സർക്കാർ പിരിച്ചുവിട്ടിരുന്നു. ഇവർ 2014ലാണ് വീണ്ടും ജോലിക്ക് കയറിയത് . ഷീജയേക്കാൾ എട്ടുവർഷം സീനിയോറിറ്റിയുള്ളവർ പോലും നിയമനപ്പട്ടികയിൽ ഇടംനേടിയില്ല. സീനിയേറിറ്റിയുള്ളവരെ മറികടന്നാണ് പാർട്ടി ബന്ധമുള്ളവരെ നിയമിക്കുന്നത് . 2000, 2001 വർഷങ്ങളിൽ നിയമിതരായവരെ തഴഞ്ഞാണ് 2008ൽ ജോലിക്ക് കയറിയവരെ നിയമിക്കുന്നത് .
കൂട്ട സ്ഥിരപ്പെടുത്തലിനെയും ബന്ധുനിയമനങ്ങളെയും ന്യായീകരിച്ച് മന്ത്രി ഇ.പി ജയരാജനും രംഗത്തെത്തിയിരുന്നു. സ്ഥിരപ്പെടുത്തൽ നടപടി ജീവകാരുണ്യപ്രവർത്തനമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.