കോഴിക്കോട് : കാറിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി ദേഹത്ത് ബസ് കയറി മരിച്ചു. വേങ്ങേരിയിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പരപ്പന്‍ങ്ങാട്ട് താഴം പ്രകാശന്റെ മകള്‍ അഞ്ജലി എന്ന 27-കാരിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.50-ഓടെ കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനുമിടയില്‍വെച്ചായിരുന്നു അപകടം. വേങ്ങേരി ഭാഗത്തുനിന്ന് കല്ലായിലെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു അഞ്ജലി. ബ്രേക്കിട്ടപ്പോള്‍ പിറകെവന്ന കാര്‍ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു.
പെട്ടെന്നുതന്നെ അഞ്ജലി റോഡിലേക്ക് വീണു. ഈ സമയം കോഴിക്കോട്ടു നിന്ന് പറമ്പില്‍ബസാറിലേക്ക് പോകുന്ന ‘കുനിയില്‍’ എന്ന ബസ് യുവതിയുടെ ദേഹത്ത് കയറുകയായിരുന്നു.സംഭവസ്ഥലത്തുവെച്ചുതന്നെ അഞ്ജലി മരിച്ചു. സ്‌കൂട്ടറില്‍ തട്ടിയെന്നുകരുതുന്ന ഒരു കാര്‍ നിര്‍ത്താതെ ഓടിച്ചുപോകുന്നത് തൊട്ടടുത്ത കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കാറിനെക്കുറിച്ച് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നുണ്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സി.സി.ടി.വി. അടക്കമുള്ളവ ഉടന്‍ പരിശോധിക്കുമെന്നും ചേവായൂര്‍ പോലീസ് പറഞ്ഞു.