ചെങ്ങന്നൂര്‍ : സ്കൂട്ടര്‍ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെ ഭിന്നശേഷിക്കാരനടക്കം രണ്ടുപേരുടെ കൈയ്യും കാലും തല്ലി ഒടിച്ചു. ഒളിവില്‍ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേടന്‍ സജിയെന്ന ഇടനാട് പൊറത്തോത്ത് വീട്ടില്‍ സജി (52) യെയാണ് ചെങ്ങന്നൂര്‍ പോലിസ് പിടികൂടിയത്.
ഇടനാട് വെസ്റ്റ് കൊല്ലിരേത്ത് അരവിന്ദാക്ഷൻ(53 ), സുഹൃത്തും ഭിന്നശേഷിക്കാരനുമായ കൈതക്കാട്ടില്‍ ഹരികുമാര്‍ (57) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത് . മാരകമായി പരുക്കേറ്റ ഇരുവരെയും വാര്‍ഡ് കൌണ്‍സിലര്‍ അര്‍ച്ചനാ ഗോപിയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരവിന്ദാക്ഷന്‍ തന്റെ വീട്ടുമുറ്റത്തു വെച്ചിരുന്ന സ്വന്തം ആക്ടീവ സ്കൂട്ടര്‍ കാണാതായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണമാണ് അക്രമസംഭവങ്ങളില്‍ എത്തിച്ചത്. ഇക്കഴിഞ്ഞ ആറിന് ഉച്ചയോടെയാണ് സ്കൂട്ടര്‍ കാണാതായത്. പറമ്പില്‍ പശുവിനെ കെട്ടി തിരികെ വരുമ്പോഴാണ് സ്കൂട്ടര്‍ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ വൈകുന്നേരത്തോടെ സ്കൂട്ടര്‍ അങ്ങാടിക്കലിലെ ബാര്‍ ഹോട്ടല്‍ മുറ്റത്ത് കണ്ടെത്തുകയായിരുന്നു. വാഹനം കൊണ്ടു വെച്ചത് അയല്‍വാസിയായ വേടന്‍ സജിയാണെന്നും അറിഞ്ഞു.
ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതിനാല്‍ കണ്ടെത്തിയ സ്കൂട്ടര്‍ എടുത്തു കൊണ്ടുപോകുവാന്‍ അരവിന്ദാക്ഷന്‍ തയ്യാറായില്ല. മോഷ്ടിച്ച വാഹനം കണ്ടെത്തിയ വിവരം ഹോട്ടലിലും പോലീസിലും അറിയിച്ചശേഷം അരവിന്ദാക്ഷന്‍ വീട്ടിലേക്ക് തിരികെ പോയി. ഈ സംഭവത്തിനു ശേഷം അന്ന് രാത്രി ആരുമറിയാതെ സജി മോഷ്ടിച്ച സ്കൂട്ടര്‍ വീട്ടുമുറ്റത്തു കൊണ്ടു വെയ്ക്കുകയും ചെയ്തു.
പിറ്റേന്ന് രാവിലെ ഇതേക്കുറിച്ച് നേരിട്ട് അന്വേഷിക്കാന്‍ സജിയുടെ വീട്ടില്‍ അരവിന്ദാഷന്‍ എത്തിയിരുന്നു. ഈ സമയം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഉന്തുംതള്ളും നടന്നിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ അപ്രതീക്ഷിതമായി കമ്പി പാരയും മറ്റു മാരകായുധങ്ങളുമായി സജി, അരവിന്ദാഷന്റെ വീട്ടില്‍ എത്തുകയും അതിക്രമം കാട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് ഒളിവില്‍ പോയ സജിയെ ബുധനാഴ്ച രാത്രിയോടെ ചെങ്ങന്നൂര്‍ ടൗണില്‍ നിന്ന് ആസൂത്രിത നീക്കത്തിലൂടെ ചെങ്ങന്നൂര്‍ എസ്.ഐ. എസ്. നിരേശിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം റിമാന്റ് ചെയ്തു.
പക്ഷാഘാതത്തെത്തുടര്‍ന്ന് നേരത്തെ തന്നെ ശരീരത്തിന്റെ ഒരു വശം പൂര്‍ണമായും തളര്‍ച്ച ബാധിച്ച ആളായിരുന്നു ഹരികുമാര്‍. അതിനാല്‍ ഓടി രക്ഷപെടാനോ എതിരാളിയെ പ്രതിരോധിക്കാനോ കഴിയാതെ വന്നതിനാല്‍ കൂടുതല്‍ മര്‍ദ്ദനത്തിനിരയായതും ഹരിയാണ്. ഇരു കൈകാലുകള്‍ക്കും ഒടിവും ശരീരത്തില്‍ ചതവുമുണ്ട്. ഹരിക്ക് തന്റെ തലയ്ക്കു നേരെ വന്ന അടി തടഞ്ഞതിനാല്‍ ഇടതു കൈക്കാണ് ഒടിവ്.