കോന്നി : ആനക്കൂട് കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലെ നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം വേണമെന്ന് എസ്ഡിപിഐ കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് നിസാം കോന്നി ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടികളുടെ പാർക്കിൽ നിലവാരം കുറഞ്ഞ കളി ഉപകരണങ്ങൾ അശാസ്ത്രീയമായി സ്ഥാപിച്ചതും ഇവയുടെ കാലപ്പഴക്കം സംബന്ധിച്ചതുമായ പരാതികളിൽ അന്വേഷണം അട്ടിമറിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഒരാഴ്ച മുമ്പ് വേലിക്കല്ല് വീണ് നാലു വയസ്സുകാരന്റെ ദാരുണാന്ത്യത്തിന് കാരണമായത് ആനത്താവളത്തിലെ ജീവനക്കാരുടെ നിഷ്ക്രിയത്വവും നിർമ്മാണത്തിലെ അപാകതയുമാണെന്ന് വ്യക്തമായതാണ്. ഇതിനുമുമ്പും പാർക്കിൽ നിരവധി കുട്ടികൾക്ക് നട്ടെല്ലിനും കൈകാലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ഫൈബർ ഉപകരണങ്ങൾ നല്ല നിലവാരത്തിൽ നിർമ്മിച്ചവ വിപണിയിൽ ലഭ്യമാണെങ്കിലും കമ്മീഷൻ തുകയും എസ്റ്റിമേറ്റ് തുകയുടെ ഇരട്ടിയും തട്ടിയെടുക്കാൻ തൽപരരായ ചിലരാണ് ഇത്തരത്തിൽ പാർക്ക് ഒരുക്കിയിട്ടുള്ളതെന്നാണ് ആക്ഷേപം. നിരവധി വിനോദ സഞ്ചാരികൾ ദിനംപ്രതി ആനത്താവളത്തിൽ എത്തുന്നുണ്ടെങ്കിലും അവർക്ക് ആവശ്യമായ ഒന്നുംതന്നെ ഇവിടെ ലഭ്യമല്ല. എന്നിട്ടും അമിതമായ ടിക്കറ്റ് നിരക്കും പാർക്കിംഗ് ഫീസുമാണ് സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത്. പല നിർമ്മിതികളുടെയും ചിലവായ തുകയും എസ്റ്റിമേറ്റ് തുകയും താരതമ്യപ്പെടുത്തിയാൽ ഇവിടെ നടക്കുന്ന ക്രമക്കേടുകൾ വ്യക്തമാകുമെന്നും നിസാം കോന്നി പറഞ്ഞു.