പത്തനംതിട്ട: പത്തനംതിട്ടയിൽ നിർമ്മാണത്തിലുള്ള അബാന്‍ മേല്‍പ്പാലത്തിന്റെ സർവീസ് റോഡ് ഇടിഞ്ഞുവീണ സാഹചര്യത്തിൽ റോഡിന്റെ നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലീം ആവശ്യപ്പെട്ടു. അഴിമതിക്ക് പിന്നിൽ ആരുടെ കരങ്ങളാണെന്ന് അന്വേഷണത്തിലൂടെ പുറത്തുവരണം. നിലവിലെ സാഹചര്യത്തിൽ അബാൻ മേൽപ്പാലത്തിന്റെ നിർമ്മാണത്തിലും ജനങ്ങൾക്ക് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയിൽ മേൽപാലത്തിൻ്റെ സർവീസ് റോഡിൻ്റെ കരിങ്കൽ ഭിത്തി 200 മീറ്ററോളം തകർന്നാണ് പാടത്തേക്ക് പതിച്ചത്. മേൽപ്പാലത്തിന്റെയും സർവീസ് റോഡുകളുടെയും നിർമ്മാണത്തിൽ അഴിമതിയും അപാകതയും ഉണ്ടെന്ന് പാർട്ടി മുമ്പ് തന്നെ വ്യക്തമാക്കിയതാണ്. അത് വസ്തുതയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.
46.8 കോടി രൂപയുടെ കിഫ്ബി പദ്ധതി പ്രകാരം 2021 ഡിസംബറിലാണ് മേൽപ്പാല നിർമ്മാണം ആരംഭിക്കുന്നത്. 18 മാസമായിരുന്നു നിർമ്മാണ കാലാവധി. എന്നാൽ, നിർമ്മാണം തുടങ്ങി നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും പദ്ധതി എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുകയാണ്. പദ്ധതിയുടെ പൂർത്തീകരണം വൈകുന്നത് ഇവിടെയുള്ള വ്യാപാരികൾക്ക് തിരിച്ചടിയായിട്ടുണ്ട്. നിരവധി വ്യാപാരികൾക്ക് തങ്ങളുടെ സംരംഭങ്ങൾ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി. ഇത്രയേറെ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴാണ് സർവീസ് റോഡിന്റെ തകർച്ച ഉണ്ടായിട്ടുള്ളത്. നിലവിൽ അബാൻ മേൽപാലത്തിന്റെ നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി പാർട്ടി പ്രക്ഷോഭത്തിലാണ്. റോഡ് നിർമ്മാണത്തിൽ അന്വേഷണം നടത്തി ഉത്തരവാദിത്തപ്പെട്ട മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.