പത്തനംതിട്ട : ബിജെപി ഭരണത്തിൻ കീഴിൽ പൗരന്മാരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതായും ഇതിനെതിരേ ജനങ്ങൾ സംഘടിക്കണമെന്നും എസ് ഡി പി ഐ സംസ്ഥാന ട്രഷറർ എ കെ സലാഹുദ്ദീൻ പറഞ്ഞു. ‘സ്വാതന്ത്ര്യം അടിയറ വെക്കില്ല’ എന്ന സന്ദേശവുമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് നടന്ന ആസാദി സംഗമത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ആർ എസ് എസ് അജണ്ട നടപ്പിലാക്കാനാണ് ബിജെപി സർക്കാർ രാജ്യത്ത് ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് പൗരത്വനിയമം കൊണ്ടുവന്നിട്ടുള്ളത്. രാജ്യത്ത് മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമങ്ങൾ ചുട്ടെടുക്കുന്നത്. കർഷകസമരത്തിൻ്റെ വിജയവും പൗരത്വ നിയമത്തിനെതിരേ ജനങ്ങൾ ഒറ്റക്കെട്ടായി സമര രംഗത്ത് വന്നതും ഫാഷിസ്റ്റ് ഭരണഗൂഢത്തിന് മുന്നിൽ സ്വാതന്ത്ര്യം അടിയറ വെയ്ക്കില്ല എന്ന താക്കീതാണ് നൽകിയതെന്നും എ കെ സലാഹുദ്ദീൻ പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം, വൈസ് പ്രസിഡന്‍റ് അഭിലാഷ് റാന്നി, സെക്രട്ടറിമാരായ സഫിയ പന്തളം, റിയാഷ് കുമ്മണ്ണൂർ, ട്രഷറർ ഷാജി ആനകുത്തി,ജില്ലാ കമ്മിറ്റിഅംഗങ്ങൾ ഷൈജു ഉളമ, സിയാദ് നിരണം, ബിനു ജോർജ് അടൂർ മണ്ഡലം പ്രസിഡന്റ് ഷമീർ ഖാൻ, പന്തളം മുനിസിപ്പൽ പ്രസിഡന്‍റ് സുധീർ പുന്തിലേത്ത് തുടങ്ങിയവർ പങ്കെടുത്തു .