പത്തനംതിട്ട : പത്തനംതിട്ട, തിരുവല്ല നഗരസഭകളിലും കോട്ടാങ്ങൽ പഞ്ചായത്തിലും പിന്തുണ ആര്‍ക്കെന്ന കാര്യത്തില്‍ എസ്.ഡി.പി.ഐ നാളെ തീരുമാനം പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ പത്തനംതിട്ടയില്‍ കൂടുന്ന യോഗത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മാഈൽ പങ്കെടുക്കും. തീരുമാനം മൂന്നു മണിക്ക് ശാന്തി ടൂറിസ്റ്റ് ഹോമില്‍ വെച്ച് പ്രഖ്യാപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് പറഞ്ഞു.
ഏവരും ഉറ്റുനോക്കുന്നത് ജില്ലാ ആസ്ഥാനത്തെ പത്തനംതിട്ട നഗരസഭയാണ്.13 അംഗങ്ങള്‍ എല്‍.ഡി.എഫിനും 13 പേര്‍ യു.ഡി.എഫിനും മൂന്നുപേര്‍ എസ്.ഡി.പി.ഐക്കും മൂന്നുപേര്‍ കോണ്‍ഗ്രസ് വിമതരുമാണ്. മൂന്നു വിമതരില്‍ ഒരാള്‍ ഇന്ന് എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ എല്‍.ഡി.എഫ് 14 പേരുടെ കരുത്തിലായി. മറ്റ് രണ്ടുപേരുടെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എസ്.ഡി.പി.ഐയുടെ നിലപാടിനെ അടിസ്ഥാനമാക്കിയായിരിക്കും പത്തനംതിട്ട നഗരസഭയുടെ ഭരണം. ഇക്കാര്യത്തില്‍ നാളെ മൂന്നുമണിക്ക് വ്യക്തത ഉണ്ടാകും. എല്‍.ഡി.എഫിനാണ് പിന്തുണയെങ്കില്‍ 17 അംഗങ്ങളുടെ പിന്തുണയില്‍ ഇടതുപക്ഷം നഗരം ഭരിക്കും. കോണ്‍ഗ്രസ് വിമതരായി ജയിച്ച രണ്ട് വനിതകള്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയാല്‍ 15 അംഗങ്ങള്‍ യു.ഡി.എഫ് ക്യാമ്പില്‍ ഉണ്ടാകും. ഇതോടൊപ്പം എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ 18 പേരുടെ പിന്തുണയോടെ യു.ഡി.എഫ് നഗരത്തിന്റെ ഭരണം ഏറ്റെടുക്കും. ഇരു മുന്നണികളും പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറയുന്നത്.