പത്തനംതിട്ട : ശബരിമല ദർശനത്തിനായി കാനനപാത വഴിയുള്ള യാത്രക്കിടെ കാണാതായ അയ്യപ്പ ഭക്തനായുള്ള തെരച്ചിൽ തുടരുന്നു. തിരുവനന്തപുരം കണ്ണമൂല ചെന്നിലോട് അറപ്പുര ലെയ്‌നിൽ തൊടിയിൽ വീട്ടിൽ അനിൽ കുമാറി (42) നെയാണ് കാണാതായത്. എരുമേലി വഴി സന്നിധാനത്തേക്കുള്ള കാനനപാതയായ അഴുത പുതുശ്ശേരി വനത്തിനുള്ളിലെ ഇടത്താവളത്തിൽ വെച്ചാണ് അനിലിനെ കാണാതായത്. ആറുപേർ അടങ്ങുന്ന സംഘത്തോടൊപ്പമാണ് അനിൽ കുമാർ ശബരിമലയിലേക്ക് കാനനപാത വഴി പോകാനായി വീട്ടിൽനിന്നു തിരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ഇവർ പുതുശേരി ഇടത്താവളത്തിലെത്തിയത്. രാത്രി ഇവിടം താവളമാക്കി. തിങ്കളാഴ്ച പുലർച്ചെ തുടർയാത്രക്കായി ഒരുങ്ങിയപ്പോൾ അനിൽ കുമാർ ഉണ്ടായിരുന്നില്ല. തുടർന്ന് സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സംഘാഗങ്ങൾ പറയുന്നു. പുലർച്ചെ നാലുവരെ സംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും ഇതിനിടയിൽ കൂടെയുണ്ടായിരുന്നവർ ഉറങ്ങിയ സമയത്താണ് കാണാതായതെന്നുമാണ് പോലീസിനോട് പറഞ്ഞത്. ആറുമണിയോടെ സന്നിധാനത്തേക്ക് നടക്കാൻ തുടങ്ങിയ സമയത്താണ് അനിൽ കുമാർ ഒപ്പമില്ലെന്ന് അറിഞ്ഞതെന്നും തുടർന്ന് സമീപത്തെ ഫോറസ്റ്റ് ഓഫീസിലും പമ്പ പോലീസ് കൺട്രോൾ റൂമിലും വിവരം നൽകിയെങ്കിലും ദ്രുതഗതിയിലുള്ള അന്വേഷണമുണ്ടായില്ലെന്നും അവർ പരാതിപ്പെടുന്നു. അനിൽ കുമാറിനെ കണ്ടെത്തിയാൽ വിവരം അറിയിക്കാമെന്നാണ് ഇവിടങ്ങളിൽനിന്ന് ലഭിച്ച വിവരമെന്ന് യാത്രാ സംഘം പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർ ഫോഴ്സ്, വനം വകുപ്പ്, അയ്യപ്പ സേവാ സംഘം എന്നിവർ പോലീസിനൊപ്പം തെരച്ചിലിനായി ഈ പ്രദേശത്തേക്ക് പോയിരുന്നു. വെളിച്ചക്കുറവ് തുടക്കത്തിൽ ഇവർക്ക് തടസമായെന്നും പറയുന്നുണ്ട്. പമ്പ പോലീസിലും ഫോറസ്റ്റ് ഓഫീസിലും ഒക്കെ പരാതിപ്പെട്ടിട്ടും കൃത്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.